തിരുവനന്തപുരം: കൊവിഡ് വ്യാപനതോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡിതര വിഭാഗങ്ങളിലെ മുഴുവൻ ജീവനക്കാർക്കും സുരക്ഷയൊരുക്കുന്നു. നഗര പ്രദേശങ്ങളിൽ രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ വിവിധ ചികിത്സകൾക്കായി ആശുപത്രിയിലെത്തുന്ന രോഗികളിൽ കൊവിഡ് സാദ്ധ്യത സംശയിക്കുന്നതിനാലാണിത്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് സാർവത്രിക മുൻകരുതൽ വേണമെന്ന് നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കൊവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നവരും പരിചരിക്കുന്നവരുമായ മുഴുവൻ ജീവനക്കാരും എൻ- 95 മാസ്‌ക്, ഫേസ് ഷീൽഡ്, ഗൗൺ, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിക്കേണ്ടതാണ്. രോഗലക്ഷണങ്ങളുള്ള ഡോക്ടർമാരെയും സമ്പർക്ക പട്ടികയിലുള്ളവരെയുമെല്ലാം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ട്. സമ്പർക്ക പട്ടികയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള നൂറിലധികം ജീവനക്കാർ നിലവിൽ ക്വാറന്റൈനിലുണ്ട്. ഇവരുടെ ക്വാറന്റൈൻ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് തിരികെ ജോലിയിൽ പ്രവേശിക്കും. കൊവിഡിതര രോഗികളുടെ ചികിത്സ റിസർവ് പൂളിലുള്ള ജീവനക്കാരെ ഉപയോഗിച്ച് തടസമില്ലാതെ നടത്തുന്നുവെന്നും അധികൃതർ വ്യക്തമാക്കി.