secretariat

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിലെ ഉന്നതരുമായുള്ള ബന്ധം കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ആവശ്യപ്പെട്ടത് ജൂലായ് ഒന്ന് മുതൽ 12വരെയുള്ള സിസിടിവി, സുരക്ഷാ കാമറാ ദൃശ്യങ്ങൾ ദൃശ്യങ്ങൾ എപ്പോൾ വേണമെങ്കിലും നൽകാമെന്നാണ് സർക്കാ‌ർ നൽകിയ മറുപടി. ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കാൻ സെക്രട്ടേറിയറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ അസി.എക്സിക്യുട്ടീവ് എൻജിനിയർക്ക് പൊതുഭരണ വകുപ്പ് നിർദ്ദേശം നൽകി. കസ്റ്റംസ് തടഞ്ഞു വച്ച കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗ് വിട്ടുകിട്ടാൻ സ്വപ്നയും സരിത്തും സെക്രട്ടേറിയറ്റിലെ ഉന്നതരെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദത്തിന്റെ തെളിവു കണ്ടെത്തലാണ് ആദ്യ ശ്രമമെന്ന് എൻ.ഐ.എ വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ പലരും കസ്റ്റംസിനെ വിളിച്ചതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ പതിവായി എത്താറുണ്ടായിരുന്നുവെന്ന മൊഴികൾ എൻ.ഐ.എയ്ക്ക് കിട്ടിയിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയുടെ പേരിലുള്ള സ്വർണമടങ്ങിയ കാർഗോ ജൂൺ 30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സംശയം തോന്നി തടഞ്ഞു വച്ച ബാഗ് ജൂലായ് അഞ്ചിനാണ് കസ്റ്റംസ് തുറന്നു പരിശോധിച്ചത്. അന്നുച്ചയ്ക്ക് ഒന്നാം പ്രതി സരിത്തിനെ കസ്റ്റഡിയിലെടുത്തു.

ദൃശ്യങ്ങൾ സുരക്ഷിതം :

കാമറ കേടായത് മേയിൽ

മേയ് 12ന് രാത്രിയിലെ ഇടിമിന്നലിലാണ് ചീഫ്സെക്രട്ടറിയുടെ ഓഫീസിലെ കാമറകൾ, സ്വിച്ചിംഗ് സംവിധാനം, സെക്രട്ടേറിയറ്റിലെ മൂന്ന് എയർകണ്ടിഷനറുകൾ എന്നിവ നശിച്ചതെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കി. ഇടിമിന്നലേറ്റ് മുഖ്യമന്ത്രിയുടെ കിടപ്പുമുറിയിലെ ഫോൺ വരെ തകരാറിലായിരുന്നു. പിറ്റേന്ന് തന്നെ ഇത് മാറ്റി നൽകി. കാമറകളും എ.സികളും അറ്റകുറ്റപ്പണി നടത്താൻ സെക്രട്ടേറിയറ്റിലെ ഇലക്ട്രോണിക്സ് അസി.എക്സിക്യുട്ടീവ് എൻജിനിയർക്ക് പൊതുഭരണവകുപ്പ് പിറ്റേന്ന് കത്ത് നൽകി.

നാല് ദിവസത്തിനകം കാമറ ശരിയാക്കി. തകരാറിലായ എ.സിയിൽ ഒരെണ്ണം കമ്പനി മാറ്റി നൽകി. രണ്ടെണ്ണം അറ്റകുറ്റപ്പണി നടത്തി. കാമറകളുടെ അറ്റകുറ്റപ്പണി കെൽട്രോണാണ് നടത്തിയത്. ഇവയുടെ പ്രവർത്തനം പരിശോധിച്ച ശേഷമേ പണം അനുവദിക്കൂ. അതിനാലാണ് ജൂലായ് 17ന് ഉത്തരവിറക്കിയത്. തകരാറിലായ കാമറകളിലെ അതുവരെയുള്ള ദൃശ്യങ്ങൾ സെർവറിൽ സുരക്ഷിതമാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചു.