തിരുവനന്തപുരം:കഴിഞ്ഞ ഏതാനം ദിവസങ്ങളായി ജില്ലയിലെ തീരങ്ങളിൽ തുടരുന്ന ശക്തമായ കടലാക്രമണത്തിൽ തീർത്തും ദുരത്തിലായിരിക്കുകയാണ് തീരദേശവാസികൾ. കൊവിഡിന്റെ സാഹചര്യത്തിൽ സാമ്പത്തികപരമായും ആരോഗ്യപരമായും തീർത്തും നിസഹായ അവസ്ഥയിലാണ് ഇവർ. ശംഖുംമുഖം,കോവളം,വിഴിഞ്ഞം,പൂവാർ,പൂന്തുറ ചെറിയാമുട്ടം, നടത്തുറ, മടവുംഭാഗം മേഖലകളിൽ രൂക്ഷമായ കടൽക്ഷോഭമാണ്. ശംഖുംമുഖത്തെ പ്രധാന റോഡ് ഉൾപ്പെടെ തകർന്നു. ശംഖുംമുഖത്ത് റോഡ് തകർന്നതിനാൽ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലേക്കുള്ള ഗതാഗതം തിരിച്ചു വിട്ടു. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്. തിരുവനന്തപുരത്ത് ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ച് തുടങ്ങിയില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതിന് സർക്കാരിനും വെല്ലുവിളിയുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ആ സ്ഥലത്ത് നിന്ന് മാറി ക്യാമ്പുകൾ സ്ഥാപിക്കാനുള്ള ആലോചനയിലാണിപ്പോൾ. എന്നിരുന്നാലും കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ വീടകൾ തകർന്നവരും മറ്റും ബന്ധുവീടുകളിലാണ് താമസം. 200 ഓളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.30 വീടുകൾ വെള്ളം കയറി ഭാഗികമായി നശിച്ചു. കടൽഭിത്തി നിർമ്മിക്കാനാവശ്യമായ സാമഗ്രികൾ എത്തിക്കുമെന്ന വർഷങ്ങളായുള്ള വാഗ്ദാനവും സർക്കാർ പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കടലാക്രമണം നേരിട്ട പ്രദേശങ്ങളിൽ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ ഇന്നലെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൊവിഡിനോപ്പം കടലാക്രമണവും എത്തിയിട്ട് അധികൃതരുടെ ഭാഗത്തു നിന്ന് നടപടികളുണ്ടാകാത്തതിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
കല്ലു കിട്ടാത്തതിനാലാണ് കടൽ ഭിത്തി നിർമാണം വൈകുന്നത്. ശംഖുംമുഖം ബീച്ച് സംരക്ഷണത്തിനും റോഡ് നിർമാണത്തിനുമായുള്ള നാലര കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായിക്കഴിഞ്ഞു. ഉടൻതന്നെ നിർമ്മാണം ആരംഭിക്കും. കൂടാതെ കടലാക്രമണത്തിൽ നിന്നു ശാശ്വത പരിഹാരത്തിനായി 6 കോടി രൂപയുടെ ഒരു പ്രോജക്ട് സർക്കാരിൽ സമർപ്പിച്ചിട്ടുമുണ്ട്.
-മന്ത്രി കടകംപള്ളി സുരേന്ദ്രൻ
അടിയന്തര നടപടി വേണം വി.എസ്.ശിവകുമാർ
തീരദേശമേഖലയായ വലിയതുറയ്ക്കും ശംഖുംമുഖത്തിനുമിടയിലും കണ്ണാന്തുറ, വെട്ടുകാട്, വേളി ഭാഗങ്ങളിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ കടലാക്രമണം തടയുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. കടലാക്രമണ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കുന്നതിന് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽനിന്നും തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ, ജലവിഭവ വകപ്പ് മന്ത്രിമാർക്ക് എം.എൽ.എ കത്ത് നൽകി. വീടുകൾക്ക് നാശനഷ്ടമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നത് വളരെ ദുഷ്‌കരമാണ്.അതുകൊണ്ടുതന്നെ കടലാക്രമണം ചെറുക്കുന്നതിനായി പാറക്കല്ലുകൾ അടിയന്തരമായി എത്തിക്കണം. തീരദേശത്തെ പ്രധാന റോഡായ ശംഖുംമുഖം എയർപോർട്ട് റോഡ് ഇതുവരെ പുനർനിർമ്മിക്കുന്നതിന് സാധിച്ചിട്ടില്ലെന്നും ഇതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ശിവകുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.