മലയിൻകീഴ്: മലയം ജംഗ്ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻനായരുടെ കാലിൽ വെട്ടിപ്പരിക്കേല്പിച്ചു. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് സംഭവം. ആക്രമണം നടത്തിയ മലയം സ്വദേശി ജലജനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് കൈയിലും ആയുധങ്ങളുമായെത്തിയ ജലജൻ മലയത്തെ മധുസൂദനൻ നായരുടെ ഹോട്ടലിലെ മേശ തുറന്ന് രൂപയുൾപ്പെടെ എടുത്ത ശേഷം ബെയിലറും പലഹാരങ്ങൾ സൂക്ഷിച്ചിരുന്ന കണ്ണാടി അലമാരയും തകർത്തു. സമീപത്തെ മുറുക്കാൻ കടയിലെ ഗോപിനാഥൻ നായർക്ക് നേരെയും ആക്രമണശ്രമമുണ്ടായി. കടയിലെ വാഴക്കുലകളെല്ലാം ജലജൻ വെട്ടി നശിപ്പിച്ചു. ജംഗ്ഷനിലെ ആർ.വി. സ്റ്റോറിന്റെ മുന്നിലെ കാറിന്റെ ഗ്ലാസ്, വാനിന്റെ ഗ്ലാസ്, ആട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന മൂന്ന് ആട്ടോകൾ എന്നിവയും ഇയാൾ തകർത്തു. മാനസിക വിഭ്രാന്തിയുണ്ടെന്ന് നടിച്ചാണ് ഇയാൾ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുകാരണം പൊലീസ് കസ്റ്റഡിയിലെടുത്താലും ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം പെട്ടെന്നുതന്നെ പുറത്തിറങ്ങുകയാണ് പതിവ്. കടയുടമയുടെയും ആക്രമിക്കുന്നവരുടെയും പേറു പറഞ്ഞാണ് ഇയാളുടെ അതിക്രമം. മലയം ശ്രീകണ്ഠൻനായരോടും പേര് പറഞ്ഞ ശേഷമായിരുന്നു ആക്രമണം. പരിക്കേറ്റ ശ്രീകണ്ഠൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മേടനടയിൽ ഇയാൾ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചിരുന്നു. ജലജൻ നിരവധി കേസുകളിൽ പ്രതിയാണ്.
ഫോട്ടോ: ആക്രമണത്തിൽ തകർന്ന
കാർ, ഹോട്ടൽ, വാൻ എന്നിവ