pinaryi-

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം സെക്രട്ടേറിയറ്റിലെത്തിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വെറും മോഹമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ' അതൊക്കെ മോഹമല്ലേ. മോഹങ്ങൾ അങ്ങനെ എന്തൊക്കെ കാണും? '- മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് വിളിപ്പിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ അതൊക്കെ എൻ.ഐ.എ തീരുമാനിക്കുന്നതല്ലേ എന്നായിരുന്നു മറുപടി.

സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന ആരോപണത്തിൽ പ്രതിപക്ഷനേതാവ് ഉറച്ചുനിൽക്കുന്നല്ലോയെന്ന് ചോദിച്ചപ്പോൾ, ഉറച്ചുനിൽക്കലല്ല, ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന സമീപനമാണത് എന്നായിരുന്നു മറുപടി. പറഞ്ഞത് അബദ്ധമാണെന്ന് തിരിച്ചറിഞ്ഞിട്ടും അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുകയല്ലേ. ഇടി വെട്ടലുണ്ടാകുന്നത് നമുക്ക് തടയാൻ പറ്റുന്നതാണോ? ക്ലിഫ് ഹൗസിൽ ഒരിക്കൽ ഇടിമിന്നലുണ്ടായപ്പോൾ കുറേ കാര്യങ്ങൾ ഒന്നിച്ച് നശിച്ചു. ഇവിടെ സ്വിച്ചിന് തകരാർ സംഭവിച്ചത് നന്നാക്കിയെന്നാണ് ചീഫ്സെക്രട്ടറി വിശദീകരിച്ചത്. അത് കണ്ടപ്പോൾ എന്തോ കടലാസ് കൈയിൽ കിട്ടി, അതും പിടിച്ച് ഇതാ കിട്ടിപ്പോയെന്നു പറഞ്ഞ് നടക്കുകയല്ലേ. വീണ് പോയിട്ടും കിടന്നിടത്ത് നിന്ന് വീണ്ടും അടിക്കുകയല്ലേ- മുഖ്യമന്ത്രി പരിഹസിച്ചു.