തിരുവനന്തപുരം:ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു.സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.കൊവിഡ് പോസിറ്റീവ് ആകുന്ന വ്യക്തികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ ഒരുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്ടറേറ്റിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വരും ദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിച്ചാൽ ബി, സി കാറ്റഗറി ഉൾപ്പെടുന്ന രോഗികളെ പരമാവധി സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച് വേണ്ട ചികിത്സ നൽകണം. കാറ്റഗറി എയിൽ ഉൾപ്പെടുന്ന ക്യാൻസർ രോഗികൾ, ഹൃദ്രോഗികൾ എന്നിവരെ സർക്കാർ ആശുപത്രികളിൽ ആവശ്യമായ പരിചരണം നൽകും. ഗർഭിണികളായ കൊവിഡ് രോഗികൾക്ക് പരിരക്ഷ ഉറപ്പാക്കാൻ പ്രത്യേക കേന്ദ്രം ഒരുക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷിനു, ഡി.പി.എം ഡോ.പി.വി. അരുൺ, സ്വകാര്യ ആശുപത്രി അസോസിയേഷൻ പ്രതിനിധികൾ, ഐ.എം.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.