തിരുവനന്തപുരം: നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മേയർ കെ. ശ്രീകുമാർ സ്വയം നിരീക്ഷണത്തിൽ പോയി. ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിൽ പോയില്ലെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നത്. മേയറിന്റെയും പി.എയുടെയും സ്രവം പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഡ്രൈവറുടെ സ്രവ പരിശോധന ഇന്നു നടക്കും. കണ്ടെയ്‌മെന്റ് സോണുകളിലടക്കം മേയർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണിലടക്കം മുൻകരുതൽ സ്വീകരിക്കാതെ മേയർ സന്ദർശനം നടത്തിയെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. രണ്ട് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുൾപ്പെടെ മൂന്നുപേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് നടന്ന സർവകക്ഷി യോഗത്തിൽ രണ്ടു കൗൺസിലർമാർ പങ്കെടുത്തിരുന്നു. അതേസമയം ഇവർക്കൊപ്പം യോഗത്തിൽ പങ്കെടുത്ത മിക്കവരും നിരീക്ഷണത്തിൽ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. ഇതും രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. ചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്കും കൊവിഡ് സ്ഥിരികരിച്ചിരുന്നു. ഇയാളുടെ ഉറവിടം വ്യക്തമല്ലെങ്കിലും സമ്പർക്കം വഴിയാകാം രോഗം പകർന്നതെന്നാണ് സൂചന.

കൗൺസിലർമാർക്ക് മടി

കൗൺസിലർമാർക്കും ജീവനക്കാർക്കുമായി നടത്തിയ പരിശോധനയിലാണ് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ പകുതിയിലേറെപ്പേരും പരിശോധനയ്ക്ക് വരാൻ മടിക്കുന്നതായാണ് വിവരം. 50ഓളം കൗൺസിലർമാർ കാരണങ്ങൾ നിരത്തി പരിശോധനയിൽ നിന്ന് ഒഴിവാകുന്നതായും നഗരസഭാ അധികൃതർ വ്യക്തമാക്കി. വാർഡുകളിൽ സജീവമായിരിക്കുന്ന കൗൺസിലർമാർ ഉടൻ പരിശോധന നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.