തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ നേരിയ ആശ്വാസം പകർന്ന് ഇന്നലെ 968 പേർ രോഗമുക്തരായി. 885 പേർക്ക് രോഗം സ്ഥിരീകരിച്ചു. 22 ദിവസത്തിന് ശേഷമാണ് രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തരുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം 724 പേർക്കാണ് ഇന്നലെ
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 85 ശതമാനമാണ് ഇന്നലത്തെ സമ്പർക്കവ്യാപന നിരക്ക്. 56 പേരുടെ ഉറവിടം വ്യക്തമല്ല. നാല് മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മുരുകൻ (44), ആലപ്പുഴ സ്വദേശി മറിയാമ്മ (85), കാസർകോട് സ്വദേശികളായ ഖയറുന്നീസ (48), മാധവൻ (68) എന്നിവരാണ് മരിച്ചത്.
ഇതോടെ ഔദ്യോഗിക കണക്കിൽ മരണം 54 ആയി. തലസ്ഥാനത്ത് ഇന്നലെ രോഗംബാധിച്ച 167 ൽ 156 പേരും സമ്പർക്കരോഗികളാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 68 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തൃശൂരിൽ 4 ഫയർഫോഴ്‌സ് ജീവനക്കാർക്കും, ഒരു കെ.എസ്.സി. ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു.