covid

തിരുവനന്തപുരം: ഇരുനൂറോളം സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയുമായി സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

1129 സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടിരുന്നു. ചികിത്സാ ചെലവും ധാരണയായി. ആവശ്യമെങ്കിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഇവരുടെ സേവനം ഉപയോഗിക്കും.

രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവരേയും നേരിയ രോഗ ലക്ഷണങ്ങൾ ഉള്ളവരെയുമാണ് ട്രീറ്റ്‌മെന്റ് സെന്ററുകളിൽ കിടത്തി ചികിത്സിക്കുന്നത്.

മൂന്ന് ഘട്ടങ്ങളായാടണ് ട്രീറ്റ്‌മെന്റ് സെന്ററുകൾ തയ്യാറാക്കുന്നത്. ഒന്നാം ഘട്ടത്തിൽ 86 സെൻററുകളിൽ 11,284 കിടക്കകളും രണ്ടാം ഘട്ടത്തിൽ 253 സെൻററുകളിൽ 30,598 കിടക്കകളും മൂന്നാംഘട്ടത്തിൽ 480 സെൻററുകളിൽ 36,400 കിടക്കകളും സജ്ജമാക്കും. ദിവസവും പുതിയ കേന്ദ്രങ്ങൾ കണ്ടെത്തുന്നുണ്ട്.

പൂൾ ഒന്നിൽ 30,000ത്തോളം ജീവനക്കാരെ തിരഞ്ഞെടുത്ത് ജില്ലകൾക്ക് നൽകിയിട്ടുണ്ട്. കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ചേർന്ന് അവരെ സെൻററുകളിൽ നിയമിക്കും. പൂൾ രണ്ടിലും മൂന്നിലും കൂടി 50,000ത്തോളം ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിയമിക്കുന്നതിള്ള ആസൂത്രണം ആരോഗ്യ വകുപ്പിൽ നടന്നുവരുന്നു.