തിരുവനന്തപുരം: വിശദമായ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകി. സ്വർണക്കടത്തിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നെന്ന ശിവശങ്കറിന്റെ മൊഴികൾ ഡിജിറ്റൽ തെളിവുകളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്.
പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് പൊരുത്തപ്പെടാത്ത മൊഴികൾ നൽകിയ ശിവശങ്കറിന് എൻ.ഐ.എ നിരത്തിയ തെളിവുകൾക്കു മുന്നിൽ ഉത്തരം മുട്ടി. പ്രതികളുടെ വീടുകളിലും ഫ്ലാറ്റുകളിലും നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ വീഡിയോ റെക്കാർഡറുകളിലും സ്വപ്നയുടെ ആറ് ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയിലും നിന്നായി ശിവശങ്കറിന്റെ ബന്ധത്തിന് വ്യക്തമായ തെളിവുകൾ എൻഐഎയ്ക്ക് കിട്ടി. സ്വപ്ന മായ്ച്ചു കളഞ്ഞ വാട്സ്ആപ്, ടെലിഗ്രാം ചാറ്റുകൾ എൻ.ഐ.എയുടെ സൈബർ ഫോറൻസിക് വിഭാഗം കണ്ടെടുത്തതും നിർണായകമായി. ശിവശങ്കറിന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും അടുത്ത ഘട്ടം കടുത്ത നടപടികളുണ്ടാവുമെന്നും എൻ.ഐ.എ വ്യക്തമാക്കി.
സ്വർണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നെന്ന് ഒന്നാം പ്രതി സരിത്ത് മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയുടെ ഭർത്താവ് അകന്ന ബന്ധുവാണെന്നും, ആ പരിചയം കാരണമാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റെടുത്ത് നൽകിയതെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാൽ, ഇതിനു സമീപത്തെ സ്വന്തം ഫ്ലാറ്റിൽ പ്രധാന പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയത് അറിഞ്ഞിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. സ്വപ്നയുടെ അമ്പലംമുക്കിലെ ഫ്ളാറ്റ്, സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റ്, നേരത്തേ താമസിച്ച പിടിപി നഗറിലെ വീട്, സെക്രട്ടേറിയറ്റിനടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവിടങ്ങളിൽ പ്രതികളുമായി ശിവശങ്കർ പലവട്ടം കൂടിക്കാഴ്ച നടത്തിയതായി കാമറാദൃശ്യങ്ങളിൽ നിന്ന് എൻഐഎ ഉറപ്പിച്ചു. .
വിദേശബന്ധം തെരയുന്നു
ശിവശങ്കറിന്റെ വിദേശയാത്രകളിൽ പ്രതികൾ അനുഗമിച്ചിരുന്നോയെന്നും സ്വർണക്കടത്തിന് പണം മുടക്കിയവരുമായി വിദേശത്ത് ബന്ധപ്പെട്ടിരുന്നോയെന്നും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. ഒന്നര വർഷത്തെ അദ്ദേഹത്തിന്റെ വിദേശയാത്രകളും വിദേശത്തേക്കുള്ള ഫോൺവിളികളും പരിശോധിച്ചു. സ്വർണമെത്തിയ ജൂൺ മാസത്തിൽ വിദേശത്തേക്കുള്ള അദ്ദേഹത്തിന്റെ സംശയകരമായ ആറ് വിളികൾ കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോണിലും നിർണായക വിവരങ്ങളുണ്ട്.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ശിവശങ്കറിനെ ചോദ്യം ചെയ്യും. സ്വത്തുക്കളുടെയും വരവിന്റെയും കണക്കെടുപ്പാണ് നടത്തുക. . സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയാൽ തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാവും. സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കേണ്ടി വരും.
കുരുക്കുകൾ മുറുകുന്നു
കസ്റ്റംസ് തടഞ്ഞുവച്ച സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവി ശിവശങ്കർ ദുരുപയോഗം ചെയ്തെന്ന നിലയിലാണ് അന്വേഷണം. ഈ ഘട്ടത്തിൽ സ്വപ്ന ശിവശങ്കറിന് മേൽ സമ്മർദം ചെലുത്തിയിട്ടുണ്ടെന്ന് അവരുടെ മൊബൈൽ ഫോണിൽ നിന്ന് എൻ.ഐ.എ വീണ്ടെടുത്ത ടെലിഗ്രം ചാറ്റുകൾ സാക്ഷ്യപ്പെടുത്തുന്നു..
സ്വർണക്കടത്തിന് മുമ്പോ ശേഷമോ ശിവശങ്കറിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാവും.സ്വപ്നയ്ക്ക് ഫ്ലാറ്റെടുത്ത് നൽകിയത് സ്വർണക്കടത്തിന് ഒളിത്താവളമൊരുക്കാനാണെന്ന് എൻ.ഐ.എ സംശയിക്കുന്നു.