ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പറണ്ടോട് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർക്കും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വലിയ കലുങ്ക് സ്വദേശിയായ പൊലീസുകാരനുമാണ് (34) രോഗബാധ ഉണ്ടായത്.കുടുംബത്തിലെ മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കുറ്റിച്ചൽ കേന്ദ്രത്തിൽ നടന്ന പരിശോധനയിലാണ് വ്യാഴം വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചത്. ആദ്യം മാതാവിനെയും മകളെയും തുടർന്ന് പിതാവിനെയും ആശുപത്രിയിലേക്ക് മാറ്റി.പഞ്ചായത്തിൽ വീണ്ടും രോഗം കണ്ടെത്തിയതോടെ പഞ്ചായത്ത് ഓഫീസിൽ അടിയന്തര യോഗം ചേർന്ന് വലിയ കലുങ്ക്, പറണ്ടോട്, ഐത്തി, ബൗണ്ടർമുക്ക്, ഒന്നാം പാലം, മണ്ണാറം, തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറ, കിളിയന്നൂർ എന്നി സ്ഥലങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാമിലാ ബീഗം, ജില്ലാ പഞ്ചായത്തംഗം വി.വിജു മോഹൻ, ആര്യനാട് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ.രാധിക, ആര്യനാട് ഇൻസ്പെക്ടർ യഹിയ എന്നിവർ പങ്കെടുത്തു.