കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന മാനസിക വൈകല്യങ്ങളിൽ ഒന്നാണ് എഡി.എച്ച്.ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ. എഡി.എച്ച്.ഡി കുട്ടികളിലെ സ്വഭാവ വൈകല്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരക്കാർ അവരുടെ പ്രായത്തിനനുയോജ്യമല്ലാത്ത പെരുമാറ്റമാണ് കാണിക്കുന്നത്. ശ്രദ്ധക്കുറവ്, വികാര നിയന്ത്രണമില്ലായ്മ, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, അമിതമായ അസ്വസ്ഥത, ഞെളിപിരി കൊള്ളൽ, അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ, അമിതമായി സംസാരിക്കുക എന്നിവയാണ് എഡി.എച്ച്.ഡിയുടെ ലക്ഷണങ്ങൾ.
മേൽ പറഞ്ഞ ലക്ഷണങ്ങൾ സാധാരണ കുട്ടികളിലും കണ്ടുവരാറുണ്ട്. പക്ഷേ ഈ സ്വഭാവങ്ങൾ കുട്ടികളിൽ ആറുമാസത്തിൽ കൂടുതൽ നിലനിൽക്കുകയാണെങ്കിൽ എഡി.എച്ച്.ഡി എന്ന വൈകല്യം ആ കുട്ടിക്ക് ഉണ്ടെന്ന് പറയാം. സ്വഭാവ വൈകല്യങ്ങൾ വീട്ടിലും, സ്‌കൂളിലും, കളിസ്ഥലത്തും പ്രകടമാക്കുകയും, അതുമൂലം സാമൂഹ്യപരമായും പഠനപരമായും പ്രശ്നങ്ങൾ ഉണ്ടാക്കുകയുമാണെങ്കിൽ മാത്രമേ ആ കുട്ടിക്ക് എഡി.എച്ച്.ഡി ഉള്ളതായി കണക്കാക്കപ്പെടാൻ സാധിക്കുകയുള്ളൂ.
കുട്ടികളിൽ മാത്രമല്ല കൗമാരക്കാരിലും എഡി.എച്ച്.ഡി എന്ന വൈകല്യം കാണാം. ഇത് കണ്ടുപിടിക്കാനുള്ള ഒരു ഉപാധിയാണ് കോണേഴ്സ് പാരന്റ് ആന്റ് ടീച്ചേഴ്സ് റേറ്റിംഗ് സ്‌കെയിൽ. ഈ ചോദ്യാവലി കുട്ടികളിൽ ചികിത്സ തുടങ്ങുന്നതിനു മുൻപായിട്ടാണ് നടത്തുന്നത്. ഇത് കുട്ടികളിലെ അടിസ്ഥാനപരമായ പ്രവർത്തനം മനസിലാക്കി ചികിത്സ തുടങ്ങുന്നതിനും, അതുപോലെ ചികിത്സ എത്രമാത്രം ഉപകാരപ്രദമായി എന്നു മനസിലാക്കുന്നതിനും സഹായകരമാകുന്നു.
സ്വഭാവ രൂപീകരണവും (ബിഹേവിയറൽ തെറാപ്പി), മരുന്നും കൂടി ചേർന്ന ഒരു ചികിത്സാരീതിയാണ് എഡി.എച്ച്.ഡി ഉള്ള കുട്ടികൾക്കാവശ്യം. ആറ് വയസ്സിനു മുകളിൽ മാത്രമെ പൂർണ്ണമായും രോഗനിർണ്ണയം നടത്തി മരുന്നുകൾ നൽകുന്നതിന് കഴിയുകയുള്ളൂ. മരുന്നുകളുടെ ഉപയോഗം എഡി.എച്ച്.ഡിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ. എന്നാൽ ബിഹേവിയറൽ തെറാപ്പിയും മരുന്നും ഒരുമിച്ച് ഉപയോഗിച്ചാൽ നല്ല ഗുണം കിട്ടും.
എഡി.എച്ച്.ഡി എങ്ങിനെ തടയാം
ഗർഭകാലത്ത് അമ്മയ്ക്ക് നല്ല സംരക്ഷണം നൽകേണ്ടതാണ്. ഈ കാലയളവിൽ പുകവലിക്കുക, ലെഡിന്റെ വിഷബാധ ഏൽക്കുക തുടങ്ങിയ സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസൃതമല്ലാത്ത രീതിയിൽ ഉണ്ടാകുന്ന സ്വഭാവ വ്യത്യാസങ്ങൾ മാതാപിതാക്കൾ നേരത്തെതന്നെ തിരിച്ചറിഞ്ഞ് അതിനു വേണ്ട ചികിത്സ എത്രയും വേഗം നൽകേണ്ടതാണ്.
എഡി.എച്ച്.ഡിയുള്ള കുട്ടികൾക്ക് ശ്രദ്ധക്കുറവു മൂലം ബുദ്ധിവികാസത്തിൽ താമസം നേരിടാം. എന്നാൽ ബുദ്ധിപരമായി നല്ല കഴിവുള്ള കുട്ടികൾക്ക് എഡിഎച്ച്ഡി ഉണ്ടാകാനുള്ള സാധ്യതയും കുറവല്ല. ഇത്തരം കുട്ടികൾക്ക് സ്‌കൂൾതലത്തിൽ എല്ലാം സമന്യയിപ്പിച്ചുള്ള വിദ്യാഭ്യാസം നൽകണം.
എഡി.എച്ച്.ഡിയുള്ള കുട്ടികളെ ക്ലാസിൽ മുൻനിരയിൽ തന്നെ ഇരുത്തണം. ഇത്തരത്തിലുള്ള കുട്ടികളെ അദ്ധ്യാപകർ കൂടുതലായി ശ്രദ്ധിക്കണം. എഡിഎച്ച്ഡിയുള്ള കുട്ടികൾക്ക് പഠനവിഷയവും പഠന ദൈർധ്യവും കുറവായിരിക്കുന്നതാണ് നല്ലത്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ നൽകുന്നത് എഡിഎച്ച്ഡിയുള്ള കുട്ടികൾക്ക് കൂടുതൽ ഗുണം ചെയ്യും.
*ലേഖിക പട്ടം എസ്.യു.ടി ആശുപത്രി ചൈൽഡ് ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റാണ്