shoukath-ali

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘത്തിലെ അഡി.എസ്.പി എ.പി. ഷൗക്കത്തലിക്ക് കേന്ദ്രസർക്കാർ ഐ.പി.എസ് നൽകിയേക്കും. സംസ്ഥാന പൊലീസിൽ നിന്ന് ഐ.പി.എസ് ലഭിക്കേണ്ട എസ്.പിമാരുടെ 2018ലെ പട്ടികയിൽ പതിനൊന്നാമനായി ഷൗക്കത്തലിയെ ഡി.ജി.പി ശുപാർശ ചെയ്തു. അദ്ദേഹത്തോടൊപ്പം ടി.പി. കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ.വി.സന്തോഷും പതിമൂന്നാമനായി പട്ടികയിലുണ്ട്.

നിലവിലുള്ള 11 ഒഴിവുകൾക്കായി 33 പേരുടെ പട്ടികയാണ് യു.പി.എസ്‌.സിയുടെ അംഗീകാരത്തിനായി സമർപ്പിച്ചത്. 2017ലെ പട്ടികയിൽ ഉൾപ്പെട്ട ഏഴ് എസ്.പിമാർക്ക് കേന്ദ്രം ഐ.പി.എസ് നൽകിയിട്ടില്ല. അവർക്ക് ഐ.പി.എസ് ലഭിക്കുന്നതിനനുസരിച്ചു മാത്രമേ 2018ലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഐ.പി.എസ് ലഭിക്കൂ. ഡി.ജി.പി നൽകിയ പട്ടികയ്‌ക്കൊപ്പം ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുമുണ്ട്.ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്രമിനൽ സംഘത്തെയും സി.പി.എം പ്രാദേശിക നേതാക്കളെയും ജയിലിലാക്കിയത് എ.പി.ഷൗക്കത്തലി ഉൾപ്പെടുന്ന സംഘമാണ്.