തിരുവനന്തപുരം: ഐ.ടി ഇൻഫ്രാസ്ട്രക്ചറിൽ നിയമനം നേടാൻ സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ അന്വേഷണം എഫ്.ഐ.ആറിലൊതുക്കി പൊലീസ്. കേസ് രജിസ്റ്റർ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല. ജോലിക്ക് ശുപാർശ ചെയ്ത മുഖ്യമന്ത്റിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. അതേസമയം, കൊവിഡ് കാരണമുണ്ടായ തിരക്കാണ് അന്വേഷണത്തിന് തടസമെന്നാണ് കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ വിശദീകരണം. സർക്കാർ കമ്പനിയായ ഐ.ടി ഇൻഫ്രാസ്ട്രക്ചർ നൽകിയ പരാതിയിലാണ് സ്വപ്നയ്ക്കെതിരായ കേസ്. കഴിഞ്ഞ 13ന് കന്റോൺമെന്റ് പൊലീസ് കേസെടുത്തു. തൊട്ടടുത്ത ദിവസം കന്റോൺമെന്റ് എ.സി.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
സ്വപ്ന എൻ.ഐ.എയുടെ കസ്റ്റഡിയിലാണെന്ന വാദമാണ് പൊലീസ് ഉന്നയിക്കുന്നത്. എന്നാൽ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി പരിശോധിക്കലടക്കം പൂർത്തിയാക്കേണ്ട ഒട്ടേറ പ്രാഥമിക നടപടികളുണ്ട്. മുഖ്യമന്ത്റിയുടെ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് സ്വപ്നയെ ജോലിക്ക് ശുപാർശ ചെയ്തതെന്നു ചീഫ് സെക്രട്ടറിതല അന്വേഷണസമിതി കണ്ടെത്തിയിരുന്നു.