കുളത്തൂർ: അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ തെക്കൻ കേരളത്തിന് ഇടംനേടി കൊടുക്കുമായിരുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജ് ശാപമോക്ഷവും കാത്ത് കഴിയുകയാണ്. വേളി കായലിന്റെ ഭാഗമായ ആക്കുളം കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ടൂറിസം വില്ലേജ് തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. ആരംഭഘട്ട ത്തിൽ സഞ്ചാരികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പാർക്കുകളും ബോട്ടിംഗിനുമൊക്കെയായി ഒട്ടനവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. നീന്തൽക്കുളവും കഫറ്റേരിയയും വാട്ടർ ഫൗണ്ടെയ്‌നും സൈക്കിൾ ട്രാക്കുമെല്ലാം ഇവിടത്തെ പ്രത്യേകതകളായിരുന്നു. ആക്കുളം കായലിലെ മാലിന്യങ്ങളും പായലും നീക്കി കായലിന്റെ പഴയകാല പ്രതാപം വിണ്ടെടുക്കേണ്ട പദ്ധതികളാണ് എങ്ങുമെത്താെതെ കിടക്കുന്നത്. ഇതിലേക്കായി ടൂറിസം വകുപ്പ് കിഫ്ബി വഴി പണം അനുവദിച്ചിരുന്നു. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയെങ്കിലും എല്ലാം ആരംഭിച്ചിടത്തു തന്നെ നിൽക്കുകയാണ്.
രൂപകല്പന രണ്ട് ഭാഗങ്ങളായി
കുട്ടികളുടെ പാർക്കുകളും നീന്തൽക്കുളവും മ്യൂസിക്കൽ ഫൗണ്ടെനും ചേർന്നതാണ് ഒന്നാം ഭാഗം. ആക്കുളം കായലിനോട് ചേർന്ന ബോട്ടു ക്ലബും അനുബന്ധ പാർക്കുകളും കായൽക്കരയിലൂടെയുള്ള പ്രത്യേക നടപ്പാതകളും ചേർന്നതാണ് രണ്ടാമത്തെ ഭാഗം. ആദ്യ ഭാഗത്തിലെ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ രണ്ടാം ഭാഗത്തെ കാഴ്ചകളും ബോട്ടിംഗിനും മറ്റുമാണ് ഭൂരിഭാഗം സഞ്ചാരികളും എത്തുന്നത്.ഈ ഭാഗത്തെ വികസന പ്രവർത്തനങ്ങളാണ് എങ്ങുമെത്താെതെ കിടക്കുന്നത്.
പണികൾ പാതിവഴിയിൽ
കുട്ടികളുടെ പാർക്ക് ഉൾപ്പെടുന്ന ആദ്യ ഭാഗത്തെ വികസന പ്രവർത്തനങ്ങൾക്കായി 4.93 കോടി രൂപയാണ് ചെലവഴിച്ചത്. ഒരേസമയം 72 കുട്ടികൾക്ക് കളിക്കാൻ കഴിയുന്ന നിരവധി കളിപ്പാട്ടങ്ങൾ സജ്ജീകരിച്ചാണ് പാർക്കും നടപ്പാതകളും ഒരുക്കിയത്. കൂടാതെ കാന്റീൻ കെട്ടിടവും നവീകരിച്ചു. സംഗീത ജലധാരയുടെയും കൃത്രിമ വെള്ളച്ചാട്ടത്തിന്റെയും എയർ ഫോഴ്സ് മ്യൂസിയത്തിന്റെയും പണികൾ നടക്കുന്നതേയുള്ളൂ.
കിഫ്ബി അനുവദിച്ചത്- 128 കോടി
ഇനി നിർമ്മിക്കാനുള്ളത്
ബാംബു ബ്രിഡ്ജ്
ഗ്രീൻ ബ്രിഡ്ജ്
പരിസ്ഥിതി മതിലുകൾ
ഇടനാഴികൾ
കല്ലുകൾ പാകിയ നടപ്പാതകൾ
സൈക്കിൾ ട്രാക്ക്
പൂന്തോട്ടത്തിന് നടുവിൽ
വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങൾ