bolero

പെരിന്തൽമണ്ണ: കെ.എ​സ്.ആർ.ടി.സിയുടെ തൃശൂർ ഡിപ്പോയിലെ ഔദ്യോഗിക വാഹനം മോഷ്ടിച്ച കേസിൽ പ്രതി കൊളത്തൂരിൽ അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് ചുള്ളിയിൽ മുനീബിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി ഡിപ്പോയിലെ പാർക്കിംഗിൽ നിറുത്തിയിട്ടിരുന്ന ബൊലേറോ ജീപ്പ് തന്റെ കൈവശമുള്ള താക്കോലുപയോഗിച്ച് സ്റ്റാർട്ട് ചെയ്ത് കടത്തുകയായിരുന്നു പ്രതി. ഇടയ്ക്ക് നിന്നു പോയ വാഹനം സ്റ്റാർട്ടാക്കാനായില്ല. പുളിവെട്ടിയിൽ റോ‌ഡിൽ സംശയാസ്പദമായി പാർക്ക് ചെയ്തിരുന്ന സർക്കാർ ബോർഡുള്ള വാഹനം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ പി.എം. ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസിനെ കണ്ട് ഓടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമകരമായ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
രാവിലെ വാഹനം കാണാതായത് ശ്രദ്ധയിൽ പെട്ട തൃശൂർ ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകാൻ പോകുമ്പോഴാണ് കൊളത്തൂർ പൊലീസ് വിവരമറിയിക്കുന്നത്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതിയെ കൈമാറി. വാഹനവും വിട്ടുകൊടുത്തു. സി.പി.ഒ അയൂബ്, ഡ്രൈവർ സുനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ പരപ്പനങ്ങാടി, നടക്കാവ്, ഫറോക്ക്, കസബ സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുകളുള്ളതായും പൊലീസ് പറഞ്ഞു.