1

കുളത്തൂർ: തെക്കൻ കേരളത്തിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരത്തിന്റെ മുഖമായി മാറേണ്ട ആക്കുളം ടൂറിസ്റ്റ് വില്ലേജ് ശാപമോക്ഷം കാത്തുകിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ആക്കുളം കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് വില്ലേജ് തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. ആരംഭഘട്ടത്തിൽ സഞ്ചാരികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പാർക്കുകളും ബോട്ടിംഗിനുമൊക്കെയായി ഇവിടെ ഒട്ടനവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. നീന്തൽക്കുളവും കഫറ്റേരിയയും വാട്ടർ ഫൗണ്ടനും സൈക്കിൾ ട്രാക്കുമെല്ലാം അക്കാലത്തെ ഇവിടത്തെ പ്രത്യേകതകളായിരുന്നു.

രണ്ട് ഭാഗങ്ങളായിട്ടാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ രൂപകൽപന. കുട്ടികളുടെ പാർക്കുകളും നീന്തൽക്കുളവും മ്യൂസിക്കൽ ഫൗണ്ടനും ചേർന്ന ഭാഗം ഒന്നാമത്തേതും ആക്കുളം കായലിനോട് ചേർന്ന ബോട്ടു ക്ലബ്ബും അനുബന്ധ പാർക്കുകളും കായൽക്കരയിലൂടെയുള്ള പ്രത്യേക നടപ്പാതകളും ചേർന്നത് രണ്ടാമത്തേതും. ആദ്യ ഭാഗത്തിലെ വികസന പ്രവർത്തനങ്ങളിൽ ചിലത് പൂർത്തീകരിച്ച് ഉദ്ഘാടനം നടന്നു. 4.93 കോടി രൂപ ചെലവിട്ട് ഒരേസമയം 72 കുട്ടികൾക്ക് കളിക്കാൻ കഴിയുന്ന നിരവധി കളിപ്പാട്ടങ്ങൾ സജ്ജീകരിച്ച പാർക്കും നടപ്പാതകളും ഒരുക്കി. പാർക്കിനുള്ളിലെ കുളം വൃത്തിയാക്കി പെഡൽ ബോട്ട് സംവിധാനവും വശങ്ങളിൽ ഇരിപ്പിടങ്ങളും ഒരുക്കി. കൂടാതെ കാന്റീനും നവീകരിച്ചു. സംഗീത ജലധാരയുടെയും കൃത്രിമ വെള്ളച്ചാട്ടത്തിന്റെയും എയർഫോഴ്സ് മ്യൂസിയത്തിന്റെയും പണികൾ നടക്കുന്നതേയുള്ളു.

എങ്ങുമെത്താതെ രണ്ടാംഭാഗം

സംഗീത ജലധാര (മ്യൂസിക്കൽ ഫൗണ്ടൻ), കൃത്രിമ വെള്ളച്ചാട്ടം, നീന്തൽക്കുളം, മനോഹരമായ പ്രവേശനകവാടം, പാർക്കിംഗ് സൗകര്യം, കഫറ്റീരിയ, യോഗ, മെഡിറ്റേഷൻ ഹാൾ, പ്രകൃതി പൂന്തോട്ട ഭംഗി ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് രണ്ടാംഘട്ട നവീകരണം. ഇതാണ് ഇഴഞ്ഞുനീങ്ങുന്നത്.

128 കോടിയുടെ പദ്ധതി
ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിന് 128 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂർണ നവീകരണമാണ് ലക്ഷ്യമിടുന്നത്. ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളജിന്റെ സഹായത്തോടെ നടത്തിയ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് രൂപരേഖ തയ്യാറാക്കിയത്.

മുൻഗണന
 കായലിലെ മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുക

 നിലവിൽ മണ്ണ് ഉയർന്നു കിടക്കുന്ന കായൽ ഭാഗം ഹരിതാഭമായ ചെറു ദ്വീപാക്കി മാറ്റി ജലശുചീകരണ മാർഗങ്ങൾ ഒരുക്കുക.

 കായലിലെ കുളവാഴയും മാലിന്യങ്ങളും നീക്കം ചെയ്യൽ

 ആക്കുളം പാലത്തിന് കീഴിലുള്ള ബണ്ട് മാറ്റൽ

 കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുക

 ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആംഫി തിയേറ്റർ, മാലിന്യ സംസ്‌കരണ സംവിധാനം, കുന്നിൻമുകളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടം

 റെസ്റ്റോറന്റ് ബ്ലോക്കിന് അനുബന്ധമായി 12ഡി തിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ

 ബാംബു ബ്രിഡ്ജ്

 ഗ്രീൻ ബ്രിഡ്ജ്

 പരിസ്ഥിതി മതിലുകൾ

 ഇടനാഴികൾ

 കല്ലുകൾ പാകിയ നടപ്പാതകൾ

 സൈക്കിൾ ട്രാക്ക്

എത്തിച്ചേരാൻ

തിരുവനന്തപുരം നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരം. ബൈപ്പാസിലെ ആക്കുളം പാലം വഴിയും ഉള്ളൂർ - ആക്കുളം റോഡ് വഴിയും എത്താം.