നെയ്യാറ്റിൻകര: ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അക്ഷയ ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്ന് വ്യാപാരികൾ വിട്ടൊഴിയുന്നു. വേണ്ടവിധം പരിപാലിക്കാൻ കഴിയാത്തതിനാൽ കെട്ടിടം ജീർണിച്ചതോടെ ഇവിടം വിട്ടൊഴിയാൻ പലരും തീരുമാനിച്ചിരുന്നു. ഇതിനിടെ കൊവിഡ് പിടിമുറുക്കുകയും കച്ചവടം താഴേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ കൂടുതൽ വാടകയും അഡ്വാൻസും നൽകിയിരുന്ന മിക്ക വ്യാപാരികളും ഇപ്പോൾ കോംപ്ളസ്ക് വിട്ടൊഴിയാൻ നിർബന്ധിതരായി. കടമുറികൾ മിക്കതും വേണ്ടത്ര പരിചരിക്കാത്തതിനാൽ പൊടിയും ചേറുമേറി ജീർണാവസ്ഥയിലാണ്.
കോംപ്ലക്‌സിനുള്ളിൽ കടമുറികൾ വാടകയ്‌ക്കെടുത്ത വ്യാപാരികൾ നിരന്തരം പരാതിപ്പെട്ടതോടെ കെട്ടിടത്തിന്റെ പുറംവശം പെയിന്റടിച്ച് മോടിപിടിപ്പിച്ചതല്ലാതെ ഉൾവശം ശുചിയാക്കിയിട്ടില്ല. നാല് നില സമുച്ചയം ഇപ്പോൾ പൊടിപിടിച്ച് കിടപ്പാണ്.
ആ ജോലി നമുക്കല്ല
കടമുറികൾ വ്യാപാരികൾ വൃത്തിയാക്കട്ടെയെന്ന് നഗരസഭാ അധികൃതരും പൊതുവായ സ്ഥലങ്ങളുടെ സംരക്ഷണ ചുമതല നഗരസഭയ്ക്കായതിനാൽ ശുചീകരണത്തിന്റെ ചുമതല അവർക്കാണെന്നുമാണ് വ്യാപാരികളുടെയും വാദം. എന്നാൽ കോടികൾ മുടക്കി പണിത കെട്ടിടം സംരക്ഷിക്കണമെന്ന് പൊതുവായ ആവശ്യവും ഉയരുന്നുണ്ട്. കോംപ്ലക്‌സിൽ എത്തുന്ന ഉപഭോക്താക്കളുടെ വാഹനം പാർക്ക്‌ചെയ്യാനുള്ള സ്ഥലത്ത് പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് പണി തുടങ്ങിയതോടെ കാർപാർക്കിംഗ് സൗകര്യവും ഇല്ലാതായി. അക്ഷയ ഷോപ്പിംഗ് കോംപ്ലക്‌സ് ശുചീകരിക്കാൻ അധികൃതർ പ്രത്യേക കണ്ടിജൻസി ജീവനക്കാരെ നിയമിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
പ്രധാന പ്രശ്നങ്ങൾ
ശുചീകരണ സാധനങ്ങളും ടൂൾസും മറ്റും സൂക്ഷിക്കാനായി ഓരോ നിലയിലും പണിതിട്ടുള്ള കുടുസു മുറികൾ പോലും അധികൃതർ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. എന്നിട്ടും കെട്ടിടം പരിപാലിക്കുന്നില്ല.കടമുറികൾ വേണ്ട വിധത്തിൽ ലേലത്തിൽ പോകാതായതോടെയാണ് ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികൾ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് വലിയ മുറികൾ ചെറുതാക്കിയും ഇടനാഴികൾ കെട്ടിയടച്ച് മുറികളാക്കിയും അധികൃതർ വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകിയത്. തീപിടിത്തമോ മറ്റ് പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാൽ നാലുനില സമുച്ഛയത്തിനുള്ളിലുള്ളവർക്ക് രക്ഷപ്പെടാൻ ഇപ്പോൾ വഴിയില്ല. അടുത്തിടെ ഇതിനെതിരെ നൽകിയ പരാതി നഗരസഭാധികൃതർ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയില്ല.
സമുച്ചയത്തിന്റെ ടെറസിന് മുകളിൽ പുല്ലും കാടും വളർന്ന് കിടക്കുകയാണ്. മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടി നിന്നാണ് താഴെയുള്ള ചുമരിലേക്ക് ഒഴുകിയെത്തുന്നത്.