കാട്ടാക്കട: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതു ഭരണ വിഭാഗം ജീവനക്കാർക്കായി ഏർപ്പെടുത്തിയ 50:50ഡ്യൂട്ടി ക്രമീകരണം മലയോര മേഖലകളിലെ വനം വകുപ്പിലെ ജീവനക്കാർക്ക് ബാധകമാക്കുന്നില്ലെന്ന് പരാതി. എല്ലാ സർക്കാർ ഓഫീസുകളിലും 50 ശതമാനം ഹാജർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ഇത് ബാധകമാക്കാതിരിക്കുന്നത്. ഫോറസ്റ്റ് വാച്ചർ മുതൽ റെയിഞ്ച് ഓഫീസർമാർവരെയുള്ള ഫീൽഡ് സ്റ്റാഫുകൾക്ക് സർക്കാരിന്റെ ഈ ഉത്തരവ് ബാധകമാക്കുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ഈ വകുപ്പിൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന ഓഫീസുകളിൽ ഇത് ബാധകമാക്കിയതും ജീവനക്കാരുടെ ഇടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അഗസ്ത്യവന മേഖലയിലെ കോട്ടൂർ, കാപ്പുകാട് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, നെയ്യാർ-പരുത്തിപ്പള്ളി-പേപ്പാറ വനമേഖലകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നത്. നിലവിൽ താഴേത്തട്ടിൽ ജോലിചെയ്യുന്ന വന മേഖലയിലെവിടെയെങ്കിലും ജീവനക്കാരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഫോറസ്റ്റ് സെക്ഷൻ, സ്റ്റേഷൻ ഓഫീസുകൾ പൂർണമായും അടച്ചിടേണ്ടി വരുമെന്ന ഭീഷണിയും നിലനിൽക്കുണ്ട്.