road

കാട്ടാക്കട :മലയോര ഹൈവേയിൽ ഉൾപ്പെടുത്തി അരുവിക്കര നിയോജകമണ്ഡലത്തിൽ 16 കിലോമീറ്റർ ദൂരം റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന ആര്യനാട് - കുറ്റിച്ചൽ - കള്ളിക്കാട് വരെയുള്ള 8.6കിലോമീറ്റർ റോഡ് നിർമ്മാണം ആരംഭിച്ചു.വിതുര - ഇരുത്തലമൂല വരെയുള്ള 3.7കിലോമീറ്റർ റോഡാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്.രണ്ടാം ഘട്ടത്തിൽ മേലേക്കൊപ്പം മുതൽ തെന്നൂർ തോട്ടംമുക്ക് വരെയുള്ള 3.8കിലോമീറ്റർ ദൂരം റോഡും നിർമ്മിക്കും.ആദ്യ ഘട്ടത്തിലെ 12 കിലോമീറ്റർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആര്യനാട്, കുറ്റിച്ചൽ ജംഗ്ഷനുകളിൽ നിന്നും ആരംഭിച്ചു.വെള്ളനാട് - ചെറ്റച്ചൽ റോഡിൽ ഉൾപ്പെടാതെ വരുന്ന ആര്യനാട് പാലം കഴിഞ്ഞുള്ള ഭാഗം മുതൽ കള്ളിക്കാട് വരെയുള്ള റോഡിന്റെ നിർമ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ റോഡിന്റെ വീതി കൂട്ടലും ഓട, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമ്മാണമാണ് ആരംഭിച്ചിട്ടുള്ളത്.തുടർന്ന് 12 മീറ്റർ വീതി ഉൾപ്പെടുന്ന മലയോര ഹൈവേ നിർമാണത്തിൽ 9 മീറ്റർ ദൂരത്തിൽ ബി.എം ആൻഡ് ബിസി നിലവാരത്തിൽ റോഡ് ടാർ ചെയ്യും. ശേഷിക്കുന്ന ദൂരം ഇരു വശത്തുമായി ഫുഡ്‌ പാത്തും നിർമ്മിക്കും.രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട മേലേക്കൊപ്പം മുതൽ തെന്നൂർ വരയുള്ള 3.8കിലോമീറ്റർ ദൂരം റോഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ട്. ടെൻഡർ നടപടികൾ കൂടി പൂർത്തിയാക്കിയാൽ ശേഷിക്കുന്ന ഭാഗത്തിന്റെ നിർമ്മാണവും ആരംഭിക്കാൻ കഴിയുമെന്ന് കെ.എസ്.ശബരീനാഥൻ എം.എൽ.എ അറിയിച്ചു.