അർഹമായ സഹായം നിഷേധിക്കാൻ തുനിഞ്ഞ പഞ്ചായത്തിനെതിരെ ഹൈക്കോടതി വരെ നീണ്ട പോരാട്ടത്തിനൊടുവിൽ പഠനാവശ്യത്തിനുള്ള ലാപ്ടോപ്പുകൾ കരസ്ഥമാക്കിയ നെടുങ്കണ്ടത്തെ രണ്ട് സഹോദരിമാരുടെ അനുഭവകഥ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ദുർബല ജനവിഭാഗങ്ങൾക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന സഹായ പദ്ധതികൾ ഒട്ടേറെ ഉണ്ട്. ഓരോ ബഡ്ജറ്റിലും അവയ്ക്കായി ഫണ്ടും അനുവദിക്കാറുണ്ട്. അർഹതയുള്ളവർക്ക് അത് യഥാസമയം വിതരണം ചെയ്യുന്നതിലാണ് എല്ലാക്കാലത്തും എണ്ണിയാലൊടുങ്ങാത്ത തടസങ്ങൾ. സഹായം നൽകാതിരിക്കാൻ എന്തുണ്ട് വഴികൾ എന്നാകും അതിനു ചുമതലപ്പെട്ടവരുടെ ഗവേഷണം. സർക്കാരാണ് സഹായം നൽകുന്നതെങ്കിലും സ്വന്തം പോക്കറ്റിൽ നിന്നെടുത്തു നൽകുന്നതു പോലെയാണ് മിക്കപ്പോഴും ഉദ്യോഗസ്ഥന്മാരുടെ സമീപനം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സഹായങ്ങൾക്കു മാത്രമല്ല കടിഞ്ഞാൺ. ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ഏതു പദ്ധതിയുടെ നടത്തിപ്പിലും കാണാം ഉദ്യോഗസ്ഥ തലത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ മെല്ലെപ്പോക്കും കുശുമ്പും കുന്നായ്മയും.
നെടുങ്കണ്ടത്തെ ദളിത് കുടുംബത്തിലെ അംഗങ്ങളായ അനഘയ്ക്കും ആർദ്രയ്ക്കും പഞ്ചായത്ത് അധികൃതരിൽ നിന്നുണ്ടായ ദുരനുഭവം ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. നാടൊട്ടുക്കും ഇതുപോലുള്ള നീതിനിഷേധവും സഹായതിരസ്കരണവും പതിവായി നടന്നുകൊണ്ടിരിക്കുകയാണ്. അത്തരം സംഭവങ്ങളിൽ ഏറെ ഹൃദയഭേദകമായ ചിലതെല്ലാം ഇടയ്ക്കിടെ പുറത്തുവരുമെന്നു മാത്രം. അനഘയുടെയും ആർദ്രയുടെയും ലാപ്ടോപ്പിനായുള്ള കാത്തിരിപ്പിന്റെ ദുഃഖകരമായ കഥ തന്നെ സമൂഹം അറിയുന്നത് സമൂഹ മാദ്ധ്യമങ്ങളിൽ വിവരം എത്തിയപ്പോഴാണ്. സർക്കാർ പദ്ധതി പ്രകാരം ദളിത് വിദ്യാർത്ഥിനികൾക്ക് പഠനാവശ്യങ്ങൾക്ക് ലാപ്ടോപ്പ് ലഭിക്കാൻ അർഹതയുണ്ട്. പട്ടികജാതി - പട്ടികവർഗ വികസന വകുപ്പിന്റേതും തദ്ദേശ സ്ഥാപനങ്ങളുടേതുമാണ് പദ്ധതി. പഠന വിഷയങ്ങളിൽ കമ്പ്യൂട്ടർ കൂടി ഉൾപ്പെടുന്നവർക്കേ അതു ലഭിക്കുകയുള്ളൂ എന്ന നിബന്ധനയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഏതു വിഷയം പഠിക്കുന്ന കുട്ടിക്കും അപേക്ഷിക്കാം. അതനുസരിച്ചാണ് ബിരുദാനന്തര ബിരുദത്തിനു പഠിച്ചിരുന്ന അനഘയും ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ ആർദ്രയും ലാപ്ടോപ്പിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. മാനവിക വിഷയം പഠിക്കുന്ന അനഘയ്ക്ക് അക്കാരണത്താൽ സഹായം ആദ്യമേ നിരാകരിച്ചു. ഒരാൾക്കെങ്കിലും ലഭിക്കുമല്ലോ എന്ന ആശ്വാസത്തിൽ കഴിയുമ്പോഴാണ് സഹായം നിഷേധിക്കാൻ പഞ്ചായത്ത് അധികൃതർ ഓരോരോ കാരണം കണ്ടെത്തിയത്. 2018-ലും 2019ലും വെള്ളപ്പൊക്കത്തിന്റെ പേരിലാണ് അപേക്ഷയിൽ തീരുമാനം നീണ്ടുപോയത്. ഈ വർഷം കുറച്ചുകൂടി പ്രബലമായ ഒരു കാരണം വീണുകിട്ടി. ലോകത്തെ പിടിച്ചുകുലുക്കിയ കൊവിഡ്. ഇതിനൊക്കെ പുറമെ നടപടിക്രമങ്ങളിലെ ഊരാക്കുടുക്കുകൾ. സഹികെട്ടപ്പോഴാണ് കുട്ടികൾ ഹൈക്കോടതിയെ ശരണം പ്രാപിച്ചത്. അപ്പോഴേക്കും അവരുടെ 'ലാപ് പോരാട്ടം" സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അതിനു ഉടനെ ഫലവുമുണ്ടായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. അനഘയ്ക്കും ആർദ്രയ്ക്കും അടുത്തടുത്ത ദിവസങ്ങളിലായി പഞ്ചായത്തുകാർ ലാപ്ടോപ്പുകൾ വീട്ടിൽ എത്തിച്ചുകൊടുത്തു. മൂന്നുവർഷത്തോളമായുള്ള കാത്തിരിപ്പാണ് സാർത്ഥകമായത്.
അർഹമായ സഹായ പദ്ധതിയെക്കുറിച്ച് കൃത്യമായ അറിവും അതു നിഷേധിച്ചതിനെതിരെ ഉറച്ചുനിന്ന് പോരാടാനുള്ള ചങ്കൂറ്റവുമാണ് നെടുങ്കണ്ടത്തെ സഹോദരിമാർക്ക് തുണയായത്. എന്നാൽ ഇതുപോലെ സഹായ നിഷേധത്തിനെതിരെ പോരാടാൻ എത്രപേർ മുന്നോട്ടുവരുമെന്ന് ഓർക്കുമ്പോഴാണ് സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ സ്ഥിരമായി നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധങ്ങളുടെ അവസാനിക്കാത്ത പട്ടിക കൺമുന്നിലെത്തുക. ഏറ്റവുമൊടുവിൽ ലാപ്ടോപ്പിന്റെ കാര്യം എന്തായെന്നന്വേഷിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയ അനഘയോട് അവിടത്തെ അധികാരികൾ ചോദിച്ചത് ഹൈക്കോടതിയിൽ കേസിനു പോകാൻ പണമുണ്ടെങ്കിൽ അതുകൊണ്ട് ലാപ്ടോപ്പ് വാങ്ങിക്കൂടേ എന്നാണ്. ഈ ചോദ്യത്തിലെ പരിഹാസവും അതിനടിയിലെ മനോഭാവവും തിരിച്ചറിയുമ്പോഴേ യഥാർത്ഥ അവഗണന ബോദ്ധ്യമാകൂ. ദുർബല ജനവിഭാഗങ്ങളോട് മേലാള വർഗം ഇപ്പോഴും വച്ചുപുലർത്തുന്ന അടിമ മനോഭാവത്തിന്റെ നിഴലുകൾ ഇതിൽ കാണാനാകും. ലാപ്ടോപ്പിന്റെ കാര്യത്തിൽ മാത്രമല്ല ഏതു സഹായ പദ്ധതിയുടെയും വിതരണ ഘട്ടങ്ങളിൽ ഇമ്മാതിരി മനഃപൂർവമായ കാലതാമസവും അധികാരഗർവും സർവസാധാരണമാണ്. ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളോട് അധികാരികളിൽ നിന്നുണ്ടാകാറുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് പ്രത്യേകിച്ചു പറയേണ്ടതില്ല. പലർക്കും കാണും ഇതുമായി ബന്ധപ്പെട്ടു പറയാൻ ഏറെ കാര്യങ്ങൾ. സർക്കാരുകൾ വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ ഗുണഫലം യഥാസമയം അർഹരായവരിൽ എത്തിക്കേണ്ട ചുമതല ഉദ്യോഗസ്ഥരിലാണ് അർപ്പിതമാകുന്നത്. സാങ്കേതികത്വവും ചട്ടവുമൊക്കെ എ ടുത്തുകാട്ടി അപേക്ഷകരെ അകറ്റാനുള്ള പ്രവണത ഉദ്യോഗസ്ഥർക്കിടയിൽ കൂടുതലാണ്. ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥർ വേണം താഴെതട്ടിൽ കാര്യങ്ങൾ വേഗത്തിലും ശരിയായ വിധത്തിലും നടക്കുന്നു എന്ന് ഉറപ്പുവരുത്താൻ. വകുപ്പു തലത്തിലും കൃത്യമായ മേൽനോട്ടം ഉറപ്പാക്കാനായാൽ സഹായത്തിനുള്ള അപേക്ഷകൾ വർഷങ്ങളോളം കെട്ടിക്കിടക്കുകയില്ല. കുട്ടികളുടെ പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട സഹായ പദ്ധതികളുടെ കാര്യത്തിൽ ഒരുവിധ ഉപേക്ഷകളും ഉണ്ടാകാൻ പാടില്ലാത്തതാണ്. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ അതിനുള്ള ഏർപ്പാടുകൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈക്കൊള്ളണം. പഠനോപകരണങ്ങൾ, സ്കോളർഷിപ്പുകൾ, ഫീസ് ഇളവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിൽ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കണം. ഇതിനൊപ്പം തന്നെ പ്രധാനമാണ് വിവിധ സഹായ പദ്ധതികൾ സംബന്ധിച്ച് കുട്ടികളിൽ അവശ്യം ഉണ്ടാകേണ്ട അവകാശബോധം. ഇത് വ്യക്തമായി അറിഞ്ഞിരുന്നാലേ അവകാശ നിഷേധത്തിനെതിരെ പോരാടാൻ കഴിയൂ. നെടുങ്കണ്ടത്തെ സഹോദരിമാർ പോരാട്ടത്തിലൂടെ നേടിയത് വെറുമൊരു ലാപ്ടോപ്പല്ല. അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗം കാലങ്ങളായി നടത്തിയ ത്യാഗനിർഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളിലൊന്ന് പ്രാപ്തമാക്കാൻ ഭരണ സംവിധാനവുമായി നേർക്കുനേർ നടത്തിയ ഒരേറ്റുമുട്ടൽ വിജയത്തിലെത്തിയതിന്റെ സുവർണ നേട്ടം കൂടിയാണിത്. സമാന ജീവിത സാഹചര്യങ്ങളിൽപ്പെട്ട് ഉഴലുന്ന അനേകം പേർക്ക് പ്രചോദനമാകേണ്ടതാണ് ഈ സഹോദരിമാരുടെ പോരാട്ട വിജയം.