തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുൾപ്പെടെ അരലക്ഷത്തിനുമേൽ ശമ്പളത്തിൽ കരാർ നിയമനം നടത്തിയ സ്വകാര്യ കൺസൾട്ടൻസിയായ മിന്റ് , ചീഫ്സെക്രട്ടറിയുടെ ഓഫീസിലേക്കുള്ള നിയമന ഉത്തരവ് സ്വന്തം ലെറ്റർ പാഡിലാണ് പുറത്തിറക്കിയത്. വിദേശത്തെ എംബസികളുമായും സംഘടനകളുമായും ഇടപെടാൻ മുൻ ചീഫ് സെക്രട്ടറി രൂപീകരിച്ച സ്പെഷ്യൽ സെല്ലിലേക്കുള്ള നിയമനമാണിത്. മിന്റ് മാനേജിംഗ് ഡയറക്ടറുടേതായി 2019ൽ പുറത്തിറങ്ങിയ ഉത്തരവിൽ ഒരുലക്ഷം രൂപയാണ് ശമ്പളം കാണിച്ചിരിക്കുന്നത്.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടതാണെന്നും മൂന്നുവർഷ കരാറിലാണ് നിയമനമെന്നും ഉത്തരവിലുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ടീംലീഡർ (ബൈലാറ്ററൽ അഫയേഴ്സ്) ആയാണ് നിയമനം. 2019 ജനുവരി 31ന് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.ജയതിലക് ആണ് സ്പെഷ്യൽസെൽ വന്നതായി ഉത്തരവിറക്കിയത്.
സർക്കാർ ഉത്തരവുപ്രകാരം, സെല്ലിലെ അംഗങ്ങളുടെ യോഗ്യതയും പ്രവൃത്തി പരിചയവും നിശ്ചയിക്കുന്നതും ആളെ തിരഞ്ഞെടുക്കുന്നതും ശമ്പളം നിശ്ചയിക്കുന്നതും ചീഫ് സെക്രട്ടറിയാണ്. പിരിച്ചുവിടാനുള്ള അധികാരവുമുണ്ട്.
ചീഫ്സെക്രട്ടറി, വ്യവസായ, പ്ലാനിംഗ് സെക്രട്ടറിമാർ, തൊഴിൽവകുപ്പ് ഡയറക്ടർ എന്നിവരടങ്ങിയ സമിതിയാണ് അഭിമുഖം നടത്തിയതെന്നാണ് കിൻഫ്രയുടെ വാദം. ഇത് കളവാണെന്ന് തെളിയിക്കുന്നതാണ് മിന്റ് എം.ഡിയുടെ നിയമനഉത്തരവ്. നിയമിക്കപ്പെട്ടവർക്ക് കിൻഫ്രയുമായി ബന്ധമില്ല. എന്നാൽ കിൻഫ്രയാണ് നിയമിച്ചതെന്നാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറയുന്നത്.
ഇതൊന്നും സർക്കാർ അറിയുന്നില്ലേ?
1) സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലെ പ്രാവീണ്യം യോഗ്യതയിലുൾപ്പെടുത്തിയപ്പോൾ അവശ്യംവേണ്ട അറബിക് ഭാഷ ഒഴിവാക്കി. ആളെ കണ്ടുവച്ച് യോഗ്യത നിശ്ചയിച്ചു
2) നിയമനം നടത്തിയ ടോം ജോസ്, തൊഴിൽ സെക്രട്ടറിയായിരിക്കെ എക്സിക്യുട്ടീവ് അസിസ്റ്റന്റായിരുന്ന യുവതിയും പിന്നീട് സ്പെഷ്യൽ സെല്ലിൽ നിയമിക്കപ്പെട്ടു
3) കരാറുകാർക്ക് സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് നൽകി. രേഖാമൂലം നിർദ്ദേശിച്ചത് ചീഫ് സെക്രട്ടറി. മുദ്രകളുടെ ദുരുപയോഗം ജാമ്യമില്ലാ കുറ്റമാണ്
4)സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലായി 90 നിയമനങ്ങൾ നടത്തിയ മിന്റ് തൈക്കാട്ട് കുടുസുമുറിയിൽ പ്രവർത്തിക്കുന്ന ഹൗസ് കീപ്പിംഗ് ജോബ് കൺസൾട്ടൻസി
എംപ്ലോ. എക്സ്‌ചേഞ്ച് നോക്കുകുത്തി,
2.47 ലക്ഷം പാഴാക്കി
വൈദഗ്ദ്ധ്യമുള്ളവരെ ജോലിക്ക് കിട്ടാൻ മിന്റിന് കരാർ നൽകിയിരിക്കുകയാണ് കിൻഫ്ര. ഹൗസ്‌കീപ്പിംഗ് മുതൽ എൻജിനിയർ തസ്തികകളിൽ വരെ മിന്റ് നിയമിച്ചിട്ടുണ്ട്. പ്രതിവർഷം 2.47 ലക്ഷം രൂപയാണ് മിന്റിനുള്ള കൺസൾട്ടൻസി ഫീസ്. ഉന്നതബിരുദധാരികൾ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളിൽ അലയുമ്പോഴാണിത്.