തിരുവനന്തപുരം: സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം സ്വാഗതാർഹമാണെങ്കിലും അത് പ്രാവർത്തികമാകണമെങ്കിൽ സർക്കാർ ചില വിട്ടുവീഴ്ചകൾ ചെയ്തേ മതിയാകൂ. അമ്പത് ശതമാനം സീറ്റുകളിലേക്ക് ടിക്കറ്റുകൾ നൽകി തിയേറ്ററുകളിൽ പ്രദർശനം പുനരാരംഭിക്കാമെന്ന നിർദ്ദേശം മൾട്ടിപ്ളക്സുകളിലേ പ്രാവർത്തികമാകൂ. സാധാരണ തിയേറ്ററുകളിൽ പ്രാവർത്തികമാകാൻ ബുദ്ധിമുട്ടാണ്. കേരളത്തെ സംബന്ധിച്ച് തിയേറ്ററുകൾ തുറക്കണമെങ്കിൽ സർക്കാർ നാല് കാര്യങ്ങൾ ചെയ്തു തന്നേ മതിയാകൂ. ജി.എസ്.ടി, പുതിയതായി കൊണ്ടുവന്ന മുൻസിപ്പൽ ടാക്സ്, പുതിയതായുണ്ടാക്കിയ സെസ്, ഒരു ടിക്കറ്റിന് മൂന്ന് രൂപ ക്ഷേമനിധിയിലേക്ക് പിരിക്കുന്നതും എല്ലാം അടുത്ത മാർച്ച് വരെയെങ്കിലും വേണ്ടെന്ന് വയ്ക്കണം. മുപ്പത് മുതൽ നാല്പത് ശതമാനം വരെ ഈടാക്കുന്ന വിനോദ നികുതിയ്ക്ക് പുറമേയുള്ള ഈ നാല് നികുതികൾ സർക്കാർ വേണ്ടെന്ന് വച്ചാലേ കേരളത്തിലെ തിയേറ്ററുകൾ തുറക്കൂ. ഇക്കാര്യത്തിൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും ഫിയോക്കും ഒറ്റക്കെട്ടാണ്.
ലിബർട്ടി ബഷീർ
പ്രസിഡന്റ്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ (കേരളത്തിലെ തിയേറ്ററുടമകളുടെ സംഘടന)