വർക്കല: കൊവിഡ് തീവ്രബാധിത മേഖലയായ ഇടവ മുതൽ പെരുമാതുറ വരെയുള്ള സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നതായി ആക്ഷേപം. മതിയായ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കാത്തതും കൊവിഡ് പരിശോധനകൾ കാര്യക്ഷമമായി നടക്കാത്തതുമാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കാരണം. ഇടവ മുതൽ പെരുമാതുറ വരെയും വർക്കല നഗരസഭയിലെ അഞ്ചുവാർഡുകളും ഉൾപ്പെടുത്തിയാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരെയോ മറ്ര് ജീവനക്കാരെയോ നിയോഗിച്ചിട്ടില്ല. വർക്കല താലൂക്കാശുപത്രി ഉൾപ്പെടെ സമീപ ഗ്രാമപഞ്ചായത്തുകളിലെ പി.എച്ച്.സികളിലും സി.എച്ച് സികളിലുമാണ് ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും കുറവുള്ളത്. ഇത് പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും നടപടി മാത്രം ഇനിയും അകലെയാണ്.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലും വർക്കല താലൂക്കിലെ മറ്റ് പഞ്ചായത്തുകളിലും കൊവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുമ്പോഴും ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങളല്ലാതെ മറ്റ് പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആന്റിജൻ ടെസ്റ്റും സ്രവ പരിശോധനയുമൊക്കെ ഇനിയും കാര്യക്ഷമമായിട്ടില്ല. അണുനശീകരണ പ്രവർത്തനങ്ങൾ നടത്താത്തതും മറ്റൊരു പ്രശ്നമാണ്. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരെ വീടുകളിൽ എത്തിക്കുന്നതിനും ഇനിയും നടപടിയില്ല. മുഴുവൻ സമയം പ്രവർത്തിക്കുന്ന ജീവനക്കാർക്ക് താമസസൗകര്യം ഉറപ്പാക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കൺട്രോൾ റൂമും വഴിപാട്
രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സോൺ ഒന്നിലുൾപ്പെട്ട മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ ഇൻസിഡന്റ് കമാൻഡർമാരായി സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. വർക്കല ഗവ. ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമും ആരംഭിച്ചു. പൊലീസ്, റവന്യൂ, ആരോഗ്യവിഭാഗം തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ദിവസവും അവലോകന യോഗവും ചേരുന്നുണ്ട്. ഏകദേശം 15ഓളം പേർ 24 മണിക്കൂറും കൺട്രോൾ റൂമിൽ ജോലി നോക്കുന്നുണ്ടെങ്കിലും അവശ്യഘട്ടങ്ങളിൽ ഇവരുടെ സേവനവും ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്.
ആംബുലൻസുകളുമില്ല
വർക്കല താലൂക്കാശുപത്രിയിൽ ഉണ്ടായിരുന്ന രണ്ട് ആബുലൻസുകളിൽ ഒന്ന് ഇപ്പോഴും തിരുവനന്തപുരത്തെ വർക്ക് ഷോപ്പിലാണ്. ഇതിന്റെ അറ്റകുറ്റപണികൾ തീർന്നെങ്കിലും പണമടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ. എൻ.ആർ.എച്ച്.എം ഫണ്ട് ആവശ്യപ്പെട്ട് അധികൃതർ കത്ത് നൽകിയെങ്കിലും ഇനിയും തുക പാസായിട്ടില്ല. ബാക്കിയുള്ള ഒരു ആംബുലൻസ് വേണം എല്ലായിടത്തും ഓടിയെത്താൻ. മുൻപ് സർവീസ് നടത്തിയതിന്റെ കുടിശിക തുക ലഭിക്കാത്തതിനാൽ സ്വകാര്യ ആംബുലൻസുകളുടെ സേവനവും പലപ്പോഴും ലഭിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.
............................................
കണ്ടെയ്ൻമെന്റ് സോണായ വർക്കല തീരമേഖലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും മറ്റ് സംഘടനാ പ്രതിനിധികളുടെയും അടിയന്തരയോഗം വിളിക്കും.
അഡ്വ. വി. ജോയി, എം.എൽ.എ
ആവശ്യത്തിന് ഡോക്ടർമാരില്ല
മറ്റ് ജീവനക്കാരും കുറവ്
ടെസ്റ്റുകൾ ആവശ്യത്തിന് നടക്കുന്നില്ല
അണുനശീകരണവും പാളി
ആംബുലൻസ് സർവീസും കുറവ്
ആശങ്കയിൽ ജനങ്ങൾ