malayinkil

മലയിൻകീഴ്: ഗ്രാമങ്ങളിലെ കാലപ്പഴക്കം ചെന്ന പാലങ്ങൾ അപകടഭീഷണിയാകുന്നു. മിക്ക പാലങ്ങളുടെയും കൈവരികളും അടിത്തട്ടും തകർന്ന നിലയിലാണ്. പാലങ്ങളുടെ ചുവട്ടിൽ നിന്ന് മണൽ എടുക്കുന്നതാണ് തകർച്ചയുടെ പ്രധാന കാരണം. മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിലെ അണപ്പാട് പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തേക്ക് ഇളകി മാറിയിട്ടും കാലങ്ങൾ കഴിഞ്ഞു. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലം കുലുങ്ങാറുണ്ട്. പാലത്തിന് ചുവട്ടിലുള്ള കരിങ്കൽ കെട്ടുകൾ എപ്പോൾ വേണമെങ്കിലും തകർന്നടിയാവുന്ന അവസ്ഥയിലാണ്. കുഴയ്ക്കാട് തോടിന് കുറുകെയുള്ള അണപ്പാട്-ചീനിവിള പാലത്തിന് അരികിലുള്ള കരിങ്കൽ കെട്ട് തകർന്ന് വീണിരുന്നു. എന്നാൽ അതെല്ലാം കെട്ടി പൂർവ സ്ഥിതിയിലാക്കിയെങ്കിലും അപകടാവസ്ഥയിലാണിപ്പോഴും. അടുത്തിടെ തകർന്ന കൈവരി കെട്ടി മിനുക്ക് പണികൾ ചെയ്തെങ്കിലും ഒരുമാസം പൂർത്തിയാകും മുൻപ് വാഹനമിടിച്ച് പാലം ആരംഭിക്കുന്ന ഭാഗത്തെ കരിങ്കൽ കെട്ട് തകർന്നു. വീതി കുറഞ്ഞ പാലത്തിന് ചുവട്ടിൽ നിന്ന് നിരവധി ചെറുസംഘങ്ങൾ തോട്ടിൽ കുഴികളെടുത്ത് മണലൂറ്റുന്നുണ്ട്. ഇടുങ്ങി ജീർണാവസ്ഥയിലായ ഈ പാലം നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മലയിൻകീഴ്-മാറനല്ലൂർ പൊലീസ് സ്റ്റേഷന്റെ അതിർത്തി പ്രദേശമായതിനാൽ പൊലീസുകാർ തിരിഞ്ഞ് നോക്കാറില്ലെന്നും ആക്ഷേപമുണ്ട്.പൊലീസിന്റെ സാന്നിദ്ധ്യമില്ലായ്മ പലപ്പോഴും മണൽ മാഫിയയ്ക്ക് അനുഗ്രഹമാകാറുമുണ്ട്. മങ്കാട്ടുകടവ് പാലത്തിന്റെ ഇരുകരകളിൽ നിന്നും മണലൂറ്റ് വ്യാപകമായിട്ടുണ്ട്. അരുവിക്കര-മലവിള ചാനൽ പാലമാകെ ജീർണിച്ച് കമ്പികൾ ഇളകിമാറിയ ആറിൽ പതിക്കാമെന്ന നിലയിലായിട്ട് വർഷങ്ങളായി. വെള്ളത്തിന്റെ ഒഴുക്ക് കുറയുമ്പോൾ പാലത്തിന് ചുവട്ടിൽ നിന്ന് മണലൂറ്റും നടക്കുന്നുണ്ട്. മാറനല്ലൂർ പൊലീസ് സ്റ്റേഷന് സമീപത്താണ് ഈ പാലമെങ്കിലും മണൽ മാഫിയ സംഘത്തെ നിയന്ത്രിക്കാനാകുന്നില്ല. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ അടുത്തിടെ പുതിയ സ്ഥലത്തേക്ക് മാറിയതും മാഫിയ സംഘത്തിന് അനുഗ്രഹമായിട്ടുണ്ട്. ജീർണാവസ്ഥയിലായ പാലങ്ങൾ പുനർ നിർമ്മിക്കുമെന്ന പ്രഖ്യപനങ്ങൾ ഉണ്ടായിട്ടും വർഷങ്ങൾ കഴിഞ്ഞു.