പാനൂർ: ബി.ജെ.പി നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി പീഡനകേസിൽ തലശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. ഐ.ജി. എസ്. ശ്രീജിത്ത്, മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ്‌കുമാർ, നാർകോട്ടിക്‌സെൽ എ.എസ്.പി രേഷ്മ രമേഷ് എന്നിവരുൾപ്പെട്ട സംഘം ആക്ഷൻകമ്മിറ്റി ഭാരവാഹികളെയും ബന്ധുക്കളെയും കണ്ടു.
ആക്ഷൻകമ്മിറ്റി ഭാരവാഹികളായ അഷറഫ് കുനിയിൽ, എം.പി ബൈജു, ടി.കെ അശോകൻ, മുഹമ്മദ് വണ്ണാന്റവിട, പി. ദിനേശൻ, കെ.വി. യൂസഫ് എന്നിവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന് പ്രോസിക്യൂഷൻ തലശേരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.
കോടതി നിർദേശപ്രകാരമുള്ള തുടരന്വേഷണത്തിൽ പെൺകുട്ടിയിൽ നിന്ന് ശേഖരിക്കുന്ന മൊഴിയാവും നിർണായകമാവുക. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള പ്രാഥമിക കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. നാലാംക്ലാസ് വിദ്യാർഥിനിയെയാണ് ഇതേ സ്‌കൂളിലെ അദ്ധ്യാപകനായ ബി.ജെ.പി നേതാവ് പീഡിപ്പിച്ചത്. തലശേരി കോടതി അനുവദിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
കുട്ടിയുടെ മൊഴി ഓഡിയോ ആയും വീഡിയോ ആയും റെക്കോർഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രതിക്കെതിരെ പോക്‌സോ ചുമത്താതെ ഭാഗിക കുറ്റപത്രമായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയത്.
പ്രതിക്കെതിരെ പോക്‌സോ ചുമത്തണമോ എന്ന കാര്യത്തിൽ പെൺകുട്ടിയുടെ മൊഴി നിർണ്ണായകമാകും. കുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും പ്രതി കുട്ടിയെ പീഡിപ്പിച്ചോ എന്ന കാര്യം ഉറപ്പാക്കുന്ന തെളിവുകളൊന്നും ഇപ്പോഴില്ലെന്നും ഐ.ജി ശ്രീജിത്ത് നേരത്തെ ഒരാളോട് ഫോണിൽ സംസാരിക്കുന്നതിന്റെ റെക്കോർഡ് പുറത്തുവന്നിരുന്നു. കേസിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് നിയമ ലംഘനമാണെന്നും ഐ.ജി ശ്രീജിത്തിനെ കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്ന് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.