നെടുമങ്ങാട് : തുടർച്ചയായ രണ്ടാം വർഷവും സ്വഛ് ഭാരത് ജില്ലാ അവാർഡിന്റെ നിറവിലാണ് പേരയം ചൂടൽ എൻ.എം.എ.സി ഗ്രന്ഥശാല. 1983ൽ ഒരുസംഘം യുവാക്കൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബായി പ്രവർത്തനം ആരംഭിച്ചു. 1989 ൽ ലൈബ്രറി കൗൺസിൽ അംഗീകാരം ലഭിച്ചു. ചൂടൽ സ്വദേശി സംഭാവനയായി നൽകിയ സ്ഥലത്ത് അംഗങ്ങളുടെ പരിശ്രമ ഫലമായാണ് കെട്ടിടം നിർമ്മിച്ചത്. നാടൻ കലകളുടേയും കായിക ഇനങ്ങളുടേയും പ്രചരണവും പരിശീലനവും ഗ്രന്ഥശാലയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. മൺമറഞ്ഞുപോയ വിൽകഥാമേള എന്ന കലാരൂപത്തെ അരങ്ങിലെത്തിച്ചും വടംവലി മത്സരം മലയോര മേഖലയിൽ ശ്രദ്ധേയമാക്കിയും അംഗീകാരങ്ങൾ കരസ്ഥമാക്കി.നിരവധി പുരുഷ, വനിത കബഡി താരങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞു. പാരിസ്ഥികം,ഊർജകിരൺ തുടങ്ങിയ പ്രവർത്തനങ്ങളിലും ഭാഗമാണ്.നെഹ്റു യുവകേന്ദ്രയുടെ ജില്ലാ,ബ്ലോക്ക് കായിക മേളയ്ക്ക് ഗ്രന്ഥശാല ആതിഥേയത്വം വഹിച്ചു.വീടുകളിൽ പുസ്തകമെത്തിച്ചും ഓൺലൈൻ പഠനകേന്ദ്രം ഒരുക്കിയും കൊവിഡ് കാലത്തും പ്രവർത്തനം സജീവമാണ്.