തിരുവനന്തപുരം: വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തുന്ന പ്രവാസികളെ വീട്ടിലെത്തിക്കാൻ നിയോഗിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാർ തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിലെ ഡിവൈഡറിൽ കിടന്നുറങ്ങുന്ന ചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായി.
നെടുമങ്ങാട് ഡിപ്പോയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഡ്രൈവർമാർക്കാണ് ഈ ഗതികേടുണ്ടായത്. ലോക്ക് ഡൗൺ ആയതിനാൽ സിറ്റിയിലെ ഡിപ്പോകൾ അടച്ചിട്ടിരിക്കുന്നതിലാണ് ഇവരെ നിയോഗിച്ചത്. മണിക്കൂറുകൾ വിമാനത്താവളത്തിലെത്തി യാത്രക്കാരെ കാത്തു നിൽക്കേണ്ട അവസ്ഥയാണിവർക്ക്. വിശ്രമിക്കാനിടമില്ലാത്തതിനാൽ വിമാനത്താവളത്തിന് മുന്നിലെ ഡിവൈഡറിലാണ് നടുനിവർത്തുന്നതെന്ന് ഇവർ പറയുന്നു.
മിക്കപ്പോഴും അന്യജില്ലകളിലേക്കാണ് യാത്രപോകേണ്ടിവരുന്നത്. ബസ് തിരികെ ഡിപ്പോയിൽ എത്തിച്ച് അണുനശീകരണം നടത്തേണ്ടതുണ്ട്. അവശ്യമുള്ളപ്പോൾ മാത്രം ബസുകൾ വിളിച്ചുവരുത്തുകയോ, അല്ലെങ്കിൽ വിശ്രമസൗകര്യം ഒരുക്കകകയോ ചെയ്യണമെന്ന് ജീവനക്കാർ പറയുന്നു. മാനേജ്‌മെന്റിനോട് ഈ ആവശ്യം ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ ആരോപിച്ചു.
അതേസമയം ജീവനക്കാർക്ക് വിശ്രമിക്കാൻ ഡീലക്‌സ് ബസ് എത്തിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. പുഷ് ബാക്ക് സീറ്റുള്ള ബസിൽ ജീവനക്കാർക്ക് വിശ്രമിക്കാനാകും. ഇതൊഴിവാക്കി മനപൂർവ്വം റോഡിൽ കിടന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
''ജീവനക്കാർക്ക് വിശ്രമസൗകര്യം ഒരുക്കാൻ കൂടുതൽ ബസുകൾ സജ്ജീകരിക്കും. ബസിൽ ബർത്തുകൾ സജ്ജീകരിക്കുന്നതും പരിഗണനയിലാണ്''
ബിജു പ്രഭാകർ,
എം.ഡി, കെ.എസ്.ആർ.ടി.സി