1049: ഇന്നലെ രോഗമുക്തി നേടയവർ
തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിക്കുന്നു. ഒരു ദിസവത്തെ എണ്ണം വെള്ളിയാഴ്ച 885ലേക്ക് താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും നാലക്കമെത്തി. ഇന്നലെ 1103 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം 18,098 ആയി. അഞ്ച് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.
കാസർകോട് ചെങ്കളയിൽ വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരനും വധുവും വധുവിന്റെ പിതാവും ഇതിൽ ഉൾപ്പെടുന്നു. 21 ആരോഗ്യ പ്രവർത്തകർക്കു കൂടി രോഗം ബാധിച്ചത് ഉത്കണ്ഠ ഉയർത്തുന്നു.
അതേസമയം, ഇന്നലെ 1049 പേർ രോഗമുക്തരായതാണ് ഏക ആശ്വാസം. രോഗമുക്തർ ആയിരം കടക്കുന്നത് ആദ്യമാണ്.
ഇന്നലെ 838 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 72 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കൊവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശികളായ റുഹിയാബി (67), മുഹമ്മദ് കോയ (58), കാസർകോട് നബീസ (63),പാലക്കാട് അഞ്ജലി സുരേന്ദ്രൻ (40) എന്നിവരാണ് ഇന്നലെ മരണമടഞ്ഞത്. വെള്ളിയാഴ്ച എറണാകുളത്ത് മരണമടഞ്ഞ ആനി ആന്റണിയുടെ (76) ഫലവും പോസിറ്റീവായി. ഇതോടെ ആകെ മരണം 59 ആയി.
തിരുവനന്തപുരം ജില്ലയിൽ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. 240 പേരാണ് ഇന്നലെ രോഗബാധിതരായത്. ഇതിൽ 218 പേരും സമ്പർക്ക രോഗികൾ. കോഴിക്കോട്ട് 110ൽ 104, കാസർകോട്ട് 105ൽ 88, എറണാകുളത്ത് 79ൽ 73 പേരും സമ്പർക്കരോഗികളാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ 119 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 106 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
9420
ചികിത്സയിലുള്ളവർ
8000 കടന്നത് 9 ദിവസത്തിനിടെ
കൊവിഡ് രോഗികളുടെ എണ്ണം 8000 കടക്കാൻ വേണ്ടിവന്നത് ഒൻപത് ദിവസം. ഈമാസം 16നായിരുന്നു 10000 കവിഞ്ഞത്. പ്രതിദിന രോഗബാധിതർ 17ന് 791, 18ന് 593, 19ന് 821, 20ന് 794, 21ന് 720, 22ന് 1038, 23ന് 1078, 24ന് 885, 25ന് (ഇന്നലെ) 1103.