തിരുവനന്തപുരം: കണ്ടെയിൻമെന്റ് സോണായ തമ്പാനൂർ വാർഡിൽ ഉൾപ്പെട്ട ഏജീസ് ഓഫീസ് അടച്ചത് ഈ വർഷം പെൻഷനായവർക്ക് തിരിച്ചടിയായി. പേപ്പറുകൾ ശരിയാവാത്തതിനാൽ മിക്കവർക്കും പെൻഷൻ കിട്ടിത്തുടങ്ങിയില്ല. അടുത്തിടെ ഒരാൾ ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടർന്നാണ് പെൻഷൻ പേപ്പർ ശരിയാക്കികൊടുത്തത്.
നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയതുമുതൽ ഓഫീസ് അടച്ചിട്ടിരുന്നു.പിന്നാലെ, ഒരാഴ്ച കഴിഞ്ഞ് തുറക്കേണ്ട ഓഫീസുകളുടെ പട്ടികയിൽ ഏജീസ് ഓഫീസിന്റെ പേര് അബദ്ധത്തിൽ വിട്ടുപോയി. അങ്ങനെഒരാഴ്ച കൂടി അവധിയായി. കഴിഞ്ഞ ചൊവ്വാഴ്ച തുറന്നെങ്കിലും വെള്ളിയാഴ്ച വീണ്ടും അടച്ചു. മാർച്ച് 20 മുതൽ പ്രവർത്തനം താളംതെറ്റിയിരുന്നു.
വിരമിക്കുന്നതിന് മൂന്നുമാസം മുമ്പേ പെൻഷൻ രേഖകൾ ഏജീസ് ഓഫീസിലെത്തിക്കണമെന്നാണ് നിർദേശം. പെൻഷൻ പ്രായം നീട്ടുമെന്ന പ്രതീക്ഷയിൽ മിക്കവരും രേഖകൾ നൽകിയില്ല. ഫെബ്രുവരി അവസാനത്തോടെയാണ് രേഖകൾ നൽകി തുടങ്ങിയത്. ഇതും നടപടികൾ വൈകാനിടയായി.
പി.എഫിൽ നിന്ന് തിരിച്ചടയ്ക്കേണ്ടതല്ലാത്ത അഡ്വാൻസിന് അപേക്ഷിച്ചവരും പണം ലഭിക്കാതെ ബുദ്ധിമുട്ടുന്നു. സർവീസ് രേഖകൾ ശരിയാത്തതുകാരണം ജോലിക്ക് ചേർന്നിട്ടും ശമ്പളം കിട്ടാത്ത ഉദ്യോഗസ്ഥരും നിരവധി.