high-speed-rail

@വീട്, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്കും ഇരട്ടി വില

തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ രണ്ടു മുതൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽ വികസന കോർപറേഷൻ എം.ഡി വി.അജിത് കുമാർ പറഞ്ഞു.

വീട്, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്കും ഇരട്ടി വില ലഭിക്കും. പരമാവധി കുറച്ച് സ്ഥലമേ ഏറ്റെടുക്കൂ. ജനവാസ മേഖലകൾ ഒഴിവാക്കിയാണ് പാതയുടെ അലൈൻമെന്റ്. പാതയ്ക്കു സമീപം സർവീസ് റോഡുകൾ വരുന്നതോടെ ഭൂമി നൽകുന്നവർക്ക് മെച്ചപ്പെട്ട റോഡ് സൗകര്യം ലഭിക്കും. ഭൂമിയുടെ വില വർദ്ധിക്കും. പരാതികൾ ഭൂമി ഏ​റ്റെടുക്കലിനു മുൻപു തന്നെ പരിഹരിക്കും.

അതിവേഗ പാത ജനങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. റെയിൽപാതകൾ, ദേശീയപാതകൾ, സംസ്ഥാന പാതകൾ, മ​റ്റു റോഡുകൾ എന്നിവ മുറിച്ചു കടക്കാൻ മേൽപ്പാലങ്ങൾ, അടിപ്പാതകൾ, ഫ്ലൈഓവറുകൾ എന്നിവ നിർമ്മിക്കും. ഓരോ 500 മീ​റ്ററിലും കാൽനടക്കാർക്ക് റെയിൽ പാത മുറിച്ചു കടക്കാൻ സൗകര്യമുണ്ടാക്കും.

ദേശീയപാതയ്ക്കു 45 മീ​റ്റർ വീതിയിൽ സ്ഥലം ഏ​റ്റെടുക്കുമ്പോൾ അതിവേഗറെയിലിന് 15 മുതൽ 25 മീ​റ്റർ വരെ വീതിയിലാണ് ഭൂമിയെടുപ്പ്. നെൽപാടങ്ങളും കെട്ടിടങ്ങളും ഒഴിവാക്കാൻ 88 കിലോമീ​റ്ററിൽ ആകാശപാത നിർമ്മിക്കും. കോഴിക്കോട് നഗരത്തിനടിയിൽ പാതയ്‌ക്കായി തുരങ്കം നിർമ്മിക്കും. വീടുകൾ സംരക്ഷിക്കാൻ 24 കിലോമീ​റ്ററിൽ കട്ട് ആൻഡ് കവർ നിർമ്മാണ രീതിയായിരിക്കും. ശക്തമായ റീട്ടെയ്‌നിംഗ് വാളുകൾ സ്ഥാപിച്ച് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കും.

വളവുകളുള്ള ഇപ്പോഴത്തെ റെയിൽപാതയോട് ചേർന്ന് അതിവേഗപാത നിർമ്മിക്കുക പ്രായോഗികമല്ല. തിരുവനന്തപുരം മുതൽ തിരൂർ വരെ വളവുകളുള്ളതിനാൽ 200 കിലോമീ​റ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനാവില്ല. തിരൂർ മുതൽ കാസർകോട് വരെ വളവുകളില്ലാത്തതിനാൽ നിലവിലെ പാതയ്ക്ക് സമാന്തരമായിരിക്കും അതിവേഗപാത.

സ്​റ്റാൻഡേർഡ് ഗേജിൽ നിർമ്മിക്കുന്ന പുതിയപാതയെ നിലവിലെ റെയിൽപാതയുമായി ബന്ധിപ്പിക്കാനുമാവില്ല. ചെലവു കുറയ്ക്കാനും മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിക്കാനുമാണ് വിദേശത്തെ പോലെ സ്​റ്റാൻഡേർഡ് ഗേജ് തിരഞ്ഞെടുത്തത്. ഇതിന് ബ്രോഡ്‌ഗേജിനേക്കാൾ കുറച്ചു ഭൂമി മതി. അതിവേഗ റെയിലിൽ കൂടുതൽ സ്​റ്റേഷനുകൾ പ്രായോഗികമല്ല. സ്റ്റേഷനുകളെ ഫീഡർ സർവീസുകൾ വഴി ബന്ധിപ്പിക്കുകയാണ് പോംവഴി.

4 ഗുണങ്ങൾ

1)പതിനൊന്ന് ജില്ലകളിലൂടെ 529.45 കിലോമീ​റ്റർ സെമി-ഹൈസ്പീഡ് റെയിലിൽ നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടെത്താം.

2)വാണിജ്യ, വിനോദ കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും മറ്റ് യാത്രാമാർഗങ്ങൾ വഴി ഹെസ്പീഡ് റെയിലുമായി ബന്ധിപ്പിക്കും

3)പാത നിർമ്മാണം നേരിട്ടും അല്ലാതെയും അര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

4)സൗരോർജ്ജം ഉൾപ്പെടെ ഉപയോഗിക്കുന്നതിനാൽ മലിനീകരണം കുറവായിരിക്കും. പാതവരുന്നതോടെ റോഡപകടങ്ങൾ കുറയും.