തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കി അതിരുകൾ നിശ്ചയിച്ചിട്ടും നൂലുപൊട്ടിയ പട്ടം പോലെ ജില്ലയിൽ കൊവിഡ് വ്യാപനം തുടങ്ങിയിട്ട് 25 ദിവസം പിന്നിടുന്നു. ജൂലായ് ഒന്നിന് കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരനിൽ നിന്നും തുടങ്ങിയ രോഗവ്യാപനം തീരമേഖലയാകെ പിടിമുറുക്കിയ ശേഷം ഇപ്പോൾ മലയോര മേഖലയിലും വ്യാപിച്ചുതുടങ്ങി. നെടുമങ്ങാട്, ആര്യനാട്, വഞ്ചിയൂർ, പെരുങ്കടവിള, മുടവൻമുഗൾ, പോത്തൻകോട്, കഴക്കൂട്ടം, ശ്രീകാര്യം, കാട്ടാക്കട, മൺവിള, പേരൂർക്കട, ചാല, ആറ്റിങ്ങൽ, പാപ്പനംകോട് തുടങ്ങി വിവിധ മേഖലകളിൽ രോഗികൾ കൂടിവരികയാണ്. ജില്ലയിൽ ഇനിയുള്ള മൂന്നാഴ്ച നിർണായകമാണെന്നാണ് അധികൃതർ പറയുന്നത്. കുറ്റിച്ചൽ, ആര്യനാട് തുടങ്ങിയ പഞ്ചായത്തുകളിലും ആശങ്കാജനകമായ വിധത്തിലാണ് രോഗം പടരുന്നത്. രണ്ടാഴ്ച മുമ്പ് ആര്യനാട് ആശുപ്രത്രിയിലെ ഡോക്ടർ, കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ എന്നിവരടക്കം ആറ് പേർക്ക് രോഗം സ്ഥിരീകരിച്ച ശേഷം പിന്നീട് പുതിയ രോഗികൾ ഉണ്ടാകാതിരുന്ന ഇവിടെ കഴിഞ്ഞ ദിവസം ഒരു വീട്ടിലെ നാലുപേരടക്കം അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.


 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

എല്ലായിടത്തുമായില്ല

തീരമേഖലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ചില പഞ്ചായത്തുകളിൽ മാത്രമാണ് നടപ്പായത്. സമ്പർക്ക രോഗികൾ ഏറെ വർദ്ധിക്കുന്ന പൂവാർ പഞ്ചായത്തിൽ തീരുമാനം ഇനിയും നടപ്പായില്ല. ഒരു സർക്കാർ യു.പി സ്‌കൂൾ ഇതിനായി പഞ്ചായത്ത് അധികൃതർ തിരഞ്ഞെടുത്തെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്‌തത ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. മറ്റൊരു സ്‌കൂളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായുള്ള പ്രവർത്തനം നടക്കുകയാണ്. അതേസമയം കരിംകുളം പഞ്ചായത്തിൽ രണ്ടിടങ്ങളിലായി 250 കിടക്കകളുള്ള സംവിധാനം തയ്യാറാക്കി രോഗികളെ ചികിത്സിച്ചുവരികയാണ്. ഇവിടെ ആദ്യം പ്രവേശിപ്പിച്ച 67 പേർക്ക് രോഗശമനമുണ്ടായി ഡിസ്ചാർജ് ചെയ്‌തു.


 പരിശോധനയ്‌ക്കെത്താൻ വിമുഖത

തീരമേഖലയിൽ പരിശോധനയ്‌ക്കെത്താൻ പലരും വിമുഖത കാണിക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. അടിമലത്തുറയിൽ ആദ്യഘട്ടത്തിൽ 50 പേർക്ക് കൊവിഡ് പരിശോധന സംവിധാനമൊരുക്കിയിരുന്നെങ്കിലും അത്രത്തോളം ആൾക്കാർ എത്തിയിരുന്നില്ല. നിരന്തരമായ ബോധവത്‌കരണത്തിന് ശേഷമാണ് പരിശോധയ്ക്ക് കൂടുതൽ ആൾക്കാർ എത്തിത്തുടങ്ങിയത്.


 കടൽത്തീരം വഴി അതിർത്തിഭേദനം

കേരള - തമിഴ്‍നാട് അതിർത്തിയിലെ കുളത്തൂർ പഞ്ചായത്തിലെ കടൽത്തീരത്തിൽ പരിശോധന സംവിധാനം ഇല്ലാത്തതിനാൽ അതിർത്തികടന്ന് ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.

 കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നു ബിവറേജസിലേക്ക്


തീരമേഖലയോട് ചേർന്നുള്ള തിരുപുറം പഞ്ചായത്തിലെ ബിവറേജസ്‌ ഔട്ട്ലെറ്റിൽ കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നുള്ളവർ ഊടുവഴികളിലൂടെ മദ്യം വാങ്ങാനെത്തുന്നത് രോഗവ്യാപന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. അതിനാൽ ഔട്ട്ലെറ്റ് അടയ്‌ക്കണമെന്ന് തിരുപുറം പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു.

പ്രതികരണം

------------------

പുല്ലുവിളയിൽ കൊവിഡ് നിയന്ത്രണ വിധേയമായി തുടങ്ങിട്ടുണ്ട്. ഇന്നലെ 43 പേരെ പരിശോധിച്ചപ്പോൾ 12 പേർക്ക് മാത്രമാണ് പോസിറ്റീവ് ആയത്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ഇവിടെ മരണപ്പെട്ട 11 പേരെയും കൊവിഡ് മാനദണ്ഡപ്രകാരമാണ് സംസ്‌കരിച്ചത്. ഇതിൽ രണ്ടുപേരുടെ സ്രവ പരിശോധനാഫലം പോസിറ്റീവായിരുന്നു. ബാക്കിയുള്ളവരുടെ പരിശോധനാഫലം ഇതുവരെയും വന്നിട്ടില്ല.


അനിൽകുമാർ,​

കരിംകുളം പഞ്ചായത്ത് പ്രസിഡന്റ്‌