pet
നായ

കൊച്ചി: കൊവിഡ് നിയന്ത്രണം മൂലം പുറത്തിറങ്ങാൻ കഴിയാത്തതിനാൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത് നല്ലതുതന്നെ. എന്നാൽ വളർത്തുമൃഗങ്ങളുമായി അനാവശ്യമായി മൃഗാശുപത്രികൾ കയറിയിറങ്ങുന്നത് അത്ര നന്നല്ലെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ചെറിയ രോഗങ്ങൾക്കുപോലും വളർത്തുമൃഗങ്ങളുമായി ആശുപത്രികളിൽ കയറിയിറങ്ങുന്നത് കൂടിവരികയാണ്. പ്രവാസി മലയാളികളിലാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്. കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ അനാവശ്യമായ ആശുപത്രി സന്ദർശനം ജീവനക്കാർക്ക് ഭീഷണിയാകുകയാണ്. ഒഴിവാക്കാൻ നിർദേശമുണ്ടെങ്കിലും പലരും പാലിക്കുന്നില്ല. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്.

# പേടിക്കണം

ചെറിയ അസുഖങ്ങൾക്ക് പോലും വളർത്തുമൃഗങ്ങളുമായി ആളുകൾ ആശുപത്രി കയറിയിറങ്ങുന്നത് സാധാരണ തോതിനെക്കാൾ വർദ്ധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. പുറത്തിറങ്ങാനുള്ള ഉപാധിയായും ഇതിനെ ഒരുവിഭാഗം ആളുകൾ കണക്കാക്കുന്നു. ചെറിയ അസുഖങ്ങൾക്ക് പരിപാലനം വീട്ടിൽ തന്നെയാകാം. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പടരാൻ സാദ്ധ്യത കുറവാണെങ്കിലും മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് വൈറസ് പടരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കിയില്ലെങ്കിൽ സമ്പർക്കും മൂലമുള്ള രോഗവ്യാപനം വർദ്ധിക്കും.

# പുതിയ താത്പര്യങ്ങൾ

വിരസത മാറ്റാൻ മാത്രമല്ല ഒരുവിഭാഗം ആളുകൾക്ക് വരുമാനമാർഗം കൂടിയാണ് വളർത്തുമൃഗ പരിപാലനം. കൊവിഡ് നിയന്ത്രണങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പുതിയ ഉപജീവനമാർഗം തേടുന്നവർക്ക് ഇതൊരു ആശ്വാസമാണ്. ചെലവ് കുറവും സുരക്ഷയും മുൻനിറുത്തി പട്ടികളെക്കാൾ പൂച്ചകൾക്കാണ് ആവശ്യക്കാർ കൂടുതൽ. അലങ്കാര മത്സ്യങ്ങൾ, കിളികൾ എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. വിലകൂടിയ ഇനങ്ങൾക്ക് ആവശ്യക്കാർ കുറവായതിനാൽ ലാഭവും കുറവാണ്.

ഒഴിവാക്കണം

'അനാവശ്യമായി ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആരും പാലിക്കുന്നില്ല. ഇത് രോഗവ്യാപനസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ആശുപത്രിയിൽ വരുന്നതിൽ 50 ശതമാനം കേസുകളും വീട്ടിലിരുന്ന് പരിഹരിക്കാവുന്നതാണ്. ഫോൺ വിളിച്ചു ചോദിക്കുന്നവർക്ക് ആവശ്യമായ നിർദേശങ്ങളും നൽകുന്നുണ്ട്.'

ഡോ. മുഹമ്മദ് അസ്ലം എം.കെ

സംസ്ഥാന ജനറൽ സെക്രട്ടറി

ഇന്ത്യൻ വെറ്റിറിനറി അസോസിയേഷൻ