1

കുളത്തൂർ: സഞ്ചാരികൾക്ക് നവ്യാനുഭവം പകർന്നു നൽകാൻ പുതിയമുഖവുമായി വേളി ടൂറിസ്റ്റ് വില്ലേജ് ഒരുങ്ങുകയാണ്. മൂന്നു വർഷം മുമ്പ് തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്കെത്തിയതിനാൽ കൊവിഡ് പ്രതിസന്ധി ഒഴിയുന്നതിനനുസരിച്ച് തുറന്നുകൊടുക്കാനാണ് തീരുമാനം. വേളി കായൽ അറബിക്കടലുമായി കൂടിച്ചേരുന്ന വേളി ടൂറിസ്റ്റ് വില്ലേജ് ഉൾപ്പെടുന്ന 12 ഏക്കറിലധികം വരുന്ന ടൂറിസം കേന്ദ്രത്തെ ആധുനിക അർബൻ എക്കോ പാർക്കായി മാറ്റുന്നതിനുള്ള ഏറ്റവും വലിയ നവീകരണ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. മുമ്പ് 1000 മുതൽ 2000 വരെ സന്ദർശകർ ദിനംപ്രതി എത്തിയിരുന്ന ഇവിടെ സഞ്ചാരികളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

ആകർഷണമായി മിനിയേച്ചർ ട്രെയിൻ

വേളി ടൂറിസ്റ്റ് വില്ലേജിൽ നിർമ്മാണം പൂർത്തിയായ തെക്കേ ഇന്ത്യയിലെ ആദ്യ സോളാർ മിനിയേച്ചർ ട്രെയിൻ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പദ്ധതിയാണ്. കായലിന് കുറുകെയുള്ള നടപ്പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലത്തിലൂടെയാണ് സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ ഒാടുക. വില്ലേജിലെ കിഴക്കേ അറ്റം മുതൽ പടിഞ്ഞാറേയറ്റംവരെ എത്തുന്ന തരത്തിൽ പ്രധാന ഭാഗങ്ങളിൽ നിർമ്മിച്ചിട്ടുള്ള റെയിൽവേ സ്റ്റേഷനുകളും സിഗ്നൽ, സ്ട്രീറ്റ് ലൈറ്റ് സംവിധാനങ്ങളും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. മിനിയേച്ചർ ട്രെയിൻ തുരങ്കത്തിലൂടെയും ശംഖ് പാർക്കിനെയും ചുറ്റി 2.30 കിലോമീറ്റർ ദൂരം സഞ്ചരിക്കും. കൃത്രിമമായി പുക തുപ്പുന്ന പഴയ ആവി എൻജിന്റെ മാതൃകയിലുള്ളതാണ് തീവണ്ടി. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യഘട്ടം ഒരു എൻജിനും രണ്ട് ബോഗികളും. 50 പേർക്ക് സഞ്ചരിക്കാം.

പണി പൂർത്തിയായവ

മിനിയേച്ചർ ട്രെയിൻ

കുട്ടികളുടെ ആധുനിക പാർക്ക്

പുതിയ ബോട്ടുകൾ

ഫ്ലോട്ടിംഗ് റസ്റ്റോറന്റ്

അംബി തിയേറ്റർ

 ഫ്ലോട്ടിംഗ് ഓപ്പൺ സ്റ്റേജ്

പ്രവേശന കവാടം, ചുറ്റുമതിൽ

ഓഫീസ് കോംപ്ലക്സ്

പൊലീസ് എയ്ഡ് പോസ്റ്റ്

നിർമ്മാണം നടക്കുന്നവ

 ആധുനിക കൺവെൻഷൻ സെന്റർ

ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ

ടോയ്‌ലെറ്റ് ബ്ലോക്ക്

ക്ലോക്ക് റൂം

 ടൂറിസ്റ്റ് വിശ്രമ കേന്ദ്രം

 എ.ടി.എം കൗണ്ടർ

 ആർട്ട് കഫേ

സോളാർ മിനിയേച്ചർ ട്രെയിൻ ഒാടുന്നത് - 2.30 കി.മീ

ട്രെയിൻ പദ്ധതി ചെലവ് - 9 കോടി രൂപ

പ്രതികരണം
21 വർഷത്തിന് ശേഷമാണ് വേളി ടൂറിസ്റ്റ് വില്ലേജിൽ ഇത്തരത്തിൽ സമഗ്ര വികസനം നടക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ടൂറിസ്റ്റ് വില്ലേജിനായി സർക്കാർ ഏറ്റെടുത്ത 20 ഏക്കർ സ്ഥലത്താണ് 900 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്ററും ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററും 18 കോടി ചെലവിൽ നിർമ്മിക്കുന്നത്. നവീകരണ പദ്ധതികൾ പൂർത്തിയാകുന്നതോടെ തലസ്ഥാനത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി വേളി മാറും. കൊവിഡ് പ്രതിസന്ധി ഒഴിയുന്നതോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാകും.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ