dgp

തിരുവനന്തപുരം: കൊവിഡ് ബാധിക്കുകയോ ക്വാറന്റൈനിൽ പോവുകയോ ചെയ്താൽ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന കട്ടപ്പന, തൊടുപുഴ ഡി.വൈ.എസ്‌.പിമാരുടെ വിവാദ സർക്കുലർ പിൻവലിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ഉത്തരവുകൾ പാടില്ല. പൊലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിർന്ന ഉദ്യോഗസ്ഥരുടേതാണ്. ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ ഡി.ഐ.ജിമാരും ഐ.ജിമാരും ശ്രദ്ധിക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് തൊടുപുഴ, കട്ടപ്പന ഡിവൈ.എസ്‌.പിമാരാണു കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയത്. അവധിയിലുള്ള പൊലീസുകാർ ക്വാറന്റൈനിലായാൽ ചികിത്സ ചെലവ് സ്വയം വഹിക്കണം. വകുപ്പുതല നടപടിയും നേരിടേണ്ടി വരും- ഇതായിരുന്നു സർക്കുലർ. ഡ്യൂട്ടി റെസ്​റ്റിലുള്ള പൊലീസുകാർക്കും നിർദ്ദേശങ്ങൾ ബാധകമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്റണങ്ങളും മുൻകരുതലുകളും വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി എ.കറുപ്പസ്വാമി ഇറക്കിയ ഉത്തരവിനു പിന്നാലെയായിരുന്നു ഡിവൈഎസ്പിമാരുടെ വിവാദ സർക്കുലർ.