കോട്ടയം: വാഗമണ്ണിൽ പോയി മടങ്ങുന്നതിനിടെ പാലായിലും ഈരാറ്റുപേട്ടയിലും മൊബൈൽ ഫോൺ കടകൾ കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച യുവാക്കളുടെ സംഘം പിടിയിൽ. രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഏറ്റുമാനൂർ മംഗലംകലുങ്ക് എള്ളുംകന്നേൽ ഹരീഷ് മനു (ഗുണ19), എള്ളുംകന്നേൽ വിഷ്ണു മനു (20), കല്ലേശേരിൽ മഠംവീട്ടിൽ കെ.എം പ്രിയൻ (19), കർപ്പൂരം വീട്ടിൽ കെ.യദുകൃഷ്ണൻ (അനിയൻകുട്ടൻ, 20), ഏറ്റുമാനൂർ വടക്കേനടയിൽ ഗൗരീശങ്കർ (18) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 നായിരുന്നു പാലായിലെ അമൽ വ്യൂ മൊബൈൽസ്, ഈരാറ്റുപേട്ടയിലെ ആലിഫ് മൊബൈൽ എന്നിവിടങ്ങളിൽ മോഷണം നടത്തിയത്. മൊബൈൽ ഫോൺ, പവർ ബാങ്ക്, മെമ്മറികാർഡ് എന്നിവയാണ് മോഷ്ടിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോണുകളിൽ ഒന്ന് ഒരു അന്യസംസ്ഥാന തൊഴിലാളിയ്ക്ക് വിറ്റതായി കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് യുവാക്കളെപ്പറ്റി വിവരം ലഭിച്ചത്.
തുടർന്ന് പാലാ ഡിവൈ.എസ്.പി ബൈജുകുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ അനൂപ് ജോസ് , എസ്.ഐമാരായ സിദ്ദിഖ് അബ്ദുൾ ഖാദർ, ഹാഷിം കെ.എച്ച്, തോമസ് സേവ്യർ, ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ മാത്യു സ്റ്റീഫൻ എന്നിവർ പ്രതികളെ പിടികൂടുകയായിരുന്നു.