m

സുമേഷ് അച്യുതന്റെ 48 മണിക്കൂർ ഓൺലൈൻ സമരം ആരംഭിച്ചു

പാലക്കാട്: ഭരണഘടന സാമൂഹ്യനീതിക്കുവേണ്ടി വിഭാവനം ചെയ്ത സംവരണ തത്വം അട്ടിമറിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിൻവാതിൽ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ആരംഭിച്ച 48 മണിക്കൂർ നിരാഹാര സമരം ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ പി.എസ്.സിയേയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി തകൃതിയായി പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണ്. കെ.എസ്.ഇ.ബിയിൽ പതിനായിരത്തിലധികം നിയമനങ്ങളാണ് നാലു വർഷത്തിനിടെ നടത്തിയിട്ടുള്ളത്. എസ്.എഫ്.ഐ നേതാക്കളുടെ കോപ്പിയടി മൂലം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിലൂടെ സിവിൽ പോലീസ് ലിസ്റ്റിൽ ഉണ്ടായിരുന്ന നിരവധി ഉദ്യോഗാർഥികളുടെ ജീവിതമാണ് ഇരുളടഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
എ.വി.സജീവ് അദ്ധ്യക്ഷനായിരുന്നു. ഇന്നലെ രാവിലെ 10 ന് ആരംഭിച്ച 48 മണിക്കൂർ നിരാഹാര സമരത്തിന്റെ
സമാപന പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് ഉമ്മൻചാണ്ടി നിർവഹിക്കും. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രാജ് മോഹൻ ഉണ്ണിത്താൻ,അടൂർ പ്രകാശ്, ടി.എൻ പ്രതാപൻ, എം.എൽ.എമാരായ
വി.എസ് ശിവകുമാർ ,ഐ.സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, ടി.ജെ വിനോദ് ,വി.പി സജീന്ദ്രൻ എൽദോസ് കുന്നപ്പള്ളി, ഡി സി സി പ്രസിഡന്റുമാരായ ഹക്കീംകുന്നേൽ,വി.വി പ്രകാശ്തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി ബാബു നാസർ സ്വാഗതവും, രാജേഷ് സഹദേവൻ നന്ദിയും പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈൻ വഴി ലൈവായിട്ടാണ് സമരം. പാലക്കാട് ടൗണിലെ സമരവേദിയിൽ സുമേഷ് അച്യുതൻ മാത്രമാണുള്ളത്.