covid



തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നലെയും വർദ്ധന. 240 പേർക്കാണ്ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ലോക്ക് ഡൗണും നിയന്ത്രണങ്ങളും നിലനിൽക്കുമ്പോൾ രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,666 ആയി. 229 പേർ ഇന്നലെ രോഗമുക്തരായിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാതെ 15 പേർ രോഗബാധിതരായി. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 10 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 215 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.പൂന്തുറ (27), ചൊവ്വര (22), പാറശാല (11), ബീമാപള്ളി (10) എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണം രണ്ടക്കം പിന്നിട്ടു.അഞ്ചുതെങ്ങിൽ ആറ് പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ബാലരാമപുരം,കരിംകുളം,കല്ലംപള്ളി,അഞ്ചുതെങ്ങ്,വെള്ളറട,ആനയറ,മലയിൻകീഴ്, പരശുവയ്ക്കൽ,അരുവിപ്പുറം സ്വദേശികളും നെയ്യാറ്റിൻകര,പാറശാല,പെരുങ്കടവിള സ്വദേശികളായ 2 പേർ വീതവുമാണ് ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചത്.


ആകെ നിരീക്ഷണത്തിലുള്ളവർ 19,531
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 15,836
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 2440
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ 1,255
പുതുതായി നിരീക്ഷണത്തിലായവർ 1,111


11 ആരോഗ്യ പ്രവർത്തകർക്കും രോഗം

ജില്ലയിൽ ഇന്നലെ 11 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.മെഡിക്കൽ കോളജിലെ കാന്റീൻ ജീവനക്കാരനായ നരുവാമൂട് സ്വദേശിക്കും ആന്റിജൻ പരിശോധനയിൽ രോഗമുള്ളതായി കണ്ടെത്തി. ചാലമാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തിയ കരിമഠം കോളനി സ്വദേശിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കരിമഠം കോളനി സ്വദേശിയായ ചായക്കടക്കാരനിൽ നിന്നുമാണ് ഇയാൾക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. അതേസമയം ഏഴ് കൗൺസിലർമാർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ പോയ മേയർ കെ.ശ്രീകുമാറിന്റെ ഫലം നെഗറ്റീവായി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ജീവനക്കാർക്കും സുരക്ഷാ ഭടന്മാർക്കും ശനിയാഴ്ച നടത്തിയ കൊവിഡ് പരിശോധനകളെല്ലാം നെഗറ്റീവ് ആയിരുന്നു. 24 പൊലീസുകാർക്കും 25 ക്ഷേത്രം ജീവനക്കാർക്കുമാണ് ആന്റിജൻ പരിശോധന നടത്തിയത്.