കോവളം: ഇരുപത്തിയൊന്ന് വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ മണ്ണ് കൈയേറി പാക്കിസ്ഥാൻ ബങ്കറുകൾ സ്ഥാപിച്ചപ്പോൾ അതെല്ലാം തകർത്ത് തരിപ്പണമാക്കിയ ഒരു ചുണക്കുട്ടിയുണ്ടായിരുന്നു.പേര് ക്യാപ്റ്റൻ ജെറി പ്രേംരാജ്. സ്വദേശം വെങ്ങാനൂരിൽ. അതിർത്തിയിൽ ശത്രുവിന്റെ നീക്കം അറിഞ്ഞ് മധുവിധു അവസാനിപ്പിച്ച് പോരാട്ട ഭൂമിയിലേക്ക് പോയവൻ. യുദ്ധത്തിനു പുറപ്പെടുന്നതിനു മുമ്പ് അച്ഛനോടു പറഞ്ഞു 'ഞാൻ യുദ്ധഭൂമിയിലേക്ക് പോവുകയാണ്' ശത്രുക്കളെ വകവരുത്തി മുന്നേറുന്നതിനിടയിൽ കാർഗിലിലെ മഞ്ഞിൽ ജെറിയുടെ ചോരയും വീണു. 1999 ജൂൺ ഏഴിന് ഭാരത മണ്ണിൽ അവസാന ചുംബനം നൽകി ജെറി വീര സ്വർഗം പൂകി. സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ നല്ലൊരു ക്രിക്കറ്റ് കളിക്കാരനായിരുന്നു ജെറി. ബൗളർ ആരായാലും പന്ത് ബൗണ്ടറി കടത്തും. അവൻ ആഗ്രഹിച്ചത് ആർമി ഓഫിസറാകാൻ. എയർഫോഴ്സിലെ ജോലി രാജിവച്ചാണ് കരസേനയിൽ ചേർന്നത്. ഇന്നു ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ പേര് കേട്ടാൽ തലസ്ഥാനത്തിന് അഭിമാനമാണ്. ഇന്നും മകനെ പറ്റി പറയുമ്പോൾ അമ്മ ചെല്ലത്തായിയുടെ വാക്കുകളിൽ ദേശസ്നേഹം അലയടിക്കുന്നുണ്ട്. മകന്റെ ധീരസ്മരണയിൽ ജീവിച്ച പിതാവ് രത്നരാജ് നാലു വർഷം മുമ്പ് നിര്യാതനായിരുന്നു. ക്യാപ്റ്റൻ ജെറി പ്രേംരാജിന് നാട് ആദരാഞ്ജലി അർപ്പിച്ചപ്പോൾ വെങ്ങാനൂരിൽ ജനസാഗരമായിരുന്നു.
അന്ന് അവിടെ എത്തിയ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ രത്നരാജിനെ ചേർത്തു നിറുത്തി പറഞ്ഞു ''നിങ്ങൾ രാജ്യത്തിന് നൽകിയത് വീരപുത്രനെയാണ്. '' കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ബിരുദ പഠനത്തിന് ചേർന്നെങ്കിലും അത് പൂർത്തിയാക്കാതെയാണ് ജെറി വ്യോമസേനയിൽ ടെക്നീഷ്യനായി ചേർന്നത്. പിന്നീട് പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ജെറി, കരസേനയിൽ ആർട്ടിലറി ഓഫിസറായി. ഇതിനിടെ വിവാഹവും കഴിഞ്ഞു. യുദ്ധത്തെതുടർന്ന് പൊടുന്നനെ യുദ്ധഭൂമിയിലേക്കു ജെറി മടങ്ങുകയായിരുന്നു.പിന്നീട് 35 ദിവസങ്ങൾക്കുശേഷം വീട്ടിലെത്തിയത് മകന്റെ ചേതനയറ്റ ശരീരം.
'' അവൻ സാഹസികതയെ പ്രേമിച്ചു. ഒടുവിൽ ആ സാഹസികത തന്നെ അവനെ സ്വന്തമാക്കി. മകനെ നഷ്ടപ്പെട്ടതിൽ ദു:ഖമുണ്ട്. പക്ഷേ രാജ്യമെന്ന പെറ്റമ്മയെ സംരക്ഷിക്കാൻ അവനു കഴിഞ്ഞു. പിറന്ന മണ്ണിനുവേണ്ടി ജീവത്യാഗം ചെയ്ത ആ പോരാളിയുടെ മാതാവായിരിക്കുന്നതിൽ അഭിമാനമുണ്ട്''-
-ചെല്ലതായി