കോവളം:അമ്പലത്തറ കുമരിച്ചന്തയുടെ സമീപത്തെ സർവീസ് റോഡിൽ അനധികൃതമായി മീൻവിൽപ്പന നടത്തിയ രണ്ട് പേരെ പൂന്തുറ പൊലീസ് പിടികൂടി. ഇവരുടെ വാഹനങ്ങളും അനുബന്ധ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തു. ബീമാപളളി മാണിക്യവിളാകം സ്വദേശി ഷാജഹാൻ(47),വളളക്കടവ് സുലൈമാൻ മൻസിലിൽ മനാഫ്(36) എന്നിവർക്കെതിരെയാണ് കേസെടുത്തത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മീൻപിടിത്തവും മീൻവിപണനവും നിറുത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബൈപാസിന് സമീപത്ത് ഇവർ മീൻകച്ചവടം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ ഇൻസ്‌പെക്ടർ ബി.എസ്.സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ആർ.ബിനു,ഫ്രാൻസോ എന്നിവരടങ്ങിയ സംഘം നടത്തിയ നിരീക്ഷണത്തിലാണ് പിടിയിലായത്. ഇവർക്കെതിരെ കേസെടുത്തതായും കസ്റ്റഡിയിലെടുത്ത ഇവരുടെ വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും പൂന്തുറ പൊലീസ് അറിയിച്ചു.