തിരുവനന്തപുരം: ശക്തമായ കടലാക്രമണത്തിൽ ശംഖുംമുഖം ബീച്ച് റോഡ് പൂർണമായും തകർന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കടലാക്രമണത്തിൽ റോഡിന്റെ പകുതി ഭാഗവും നേരത്തെ തകർന്നു വീണിരുന്നു. ഇതോടെ രണ്ടു ദിവസം മുമ്പ് റോഡിലൂടെയുള്ള ഗതാഗതം നിറുത്തിവെച്ചിരുന്നു. ബാരിക്കേഡ് കെട്ടി റോഡ് അടച്ചിട്ടിരിക്കുകയാണ്. ശംഖുംമുഖം എയർ കാർഗോ കോംപ്ലക്‌സിനു സമീപത്തെ ഇടറോഡ് വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ തിരയടിയിൽ ബാക്കി റോഡുകളും വിണ്ടുകീറിത്തുടങ്ങിയിരുന്നു. റോഡിന്റെ അടിഭാഗത്തുള്ള മണൽ തിരയടിയിൽ ഇളകി. ഇതിനുപിന്നാലെയാണ് ഇന്നലെ റോഡ് പൂർണമായും തകർന്നത്. റോഡ് തകർന്ന സ്ഥലം കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചിരുന്നു. രണ്ട് ദിവസമായി ശംഖുംമുഖം തീരത്ത് കടലാക്രമണം രൂക്ഷമാണ്.