sea

തിരുവനന്തപുരം: ജില്ലയിലെ പ്രധാന തീരപ്രദേശങ്ങളായ പൂന്തുറ, ശംഖുംമുഖം, കോവളം, ചെറിയാമുട്ടം, നടത്തുറ, മടവുംഭാഗം, വലിയതുറ മേഖലകളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് കടൽ ചെറുതായി ശാന്തമായെങ്കിലും വൈകിട്ടോടെ വീണ്ടും പ്രക്ഷുബ്ദ്ധമായി. തീരദേശങ്ങളിലെ 200 വീടുകളിൽ ഭാഗികമായും ശംഖുംമുഖം, കോവളം,വലിയതുറ എന്നിവിടങ്ങളിലായി ഏകദേശം 50 വീടുകളിൽ പൂർണമായും വെള്ളം കയറിയ അവസ്ഥയിലാണ്. ഈ വീട്ടുകാർ ഇപ്പോൾ ബന്ധുവീടുകളിലും മറ്റുമാണ് താമസം. കൊവിഡ് വ്യാപനമുള്ളതിനൽ ക്യാമ്പുകൾ തുടങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അധികൃതർ പറയുന്നു. തിരുവല്ലം പനത്തുറയിലും വെള്ളം കയറി ഒട്ടേറെ വീടുകൾ വാസയോഗ്യമല്ലാതായി. ഇന്നലെ രാവിലെ കടൽ കലിപൂണ്ടതോടെ ടെറസിലും മറ്റുമാണ് ആളുകൾ കയറിനിന്നത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിലും കൊവിഡ് സമൂഹവ്യാപനമുള്ള പൂന്തുറയിലും കടലാക്രമണം രൂക്ഷമായത് പ്രതിരോധ പ്രവർത്തനങ്ങൾക്കു വെല്ലുവിളിയായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ശക്തമായ തിരയിൽ ശംഖുംമുഖം വിമാനത്താവളം റോ‌ഡ് പൂർണമായും തകർന്നിരുന്നു. കടൽക്ഷോഭം ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്നും 2.8 മുതൽ 3.5 മീറ്റർ ഉയരത്തിൽ തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. കടലാക്രമണം മൂലം പ്രശ്നങ്ങൾ നേരിടുന്ന വെട്ടുകാട്, ശംഖുംമുഖം, വലിയതുറ വാർഡുകളിൽ വീടുകൾ സംരക്ഷിക്കുന്നതിനായുള്ള താത്കാലിക തടയണ കെട്ടുന്നതുൾപ്പെടെയുള്ളവയ്ക്ക് ആദ്യഘട്ടമായി നഗരസഭ മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.