market
മാലിന്യം നിറഞ്ഞ മാർക്കറ്റിലെ കമ്പോസ്റ്ര് കുഴി

കിളിമാനൂർ: കൊവിഡിനൊപ്പം പകർച്ചവ്യാധികളും പെരുകുന്ന സമയത്ത് രോഗവാഹിയായി ഒരു പൊതുമാർക്കറ്റ്. പഴയകുന്നുമ്മൽ പഞ്ചായത്തിലെ കിളിമാനൂർ പുതിയകാവിൽ സ്ഥിതി ചെയ്യുന്ന മാർക്കറ്റാണ് മാലിന്യം നിറഞ്ഞ് ഭീഷണി ഉയർത്തുന്നത്. ഇവിടേക്ക് കടക്കണമെങ്കിൽ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. സമീപ പ്രദേശങ്ങളിലുള്ള മാലിന്യവും തള്ളുന്നത് മാർക്കറ്രിലാണ്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ മാലിന്യ സംസ്കരണയൂണിറ്ര് സ്ഥാപിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ പ്രവർത്തനം നിലച്ചു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ഇത് മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും എത്തിക്കുമെന്നുള്ള ഉറപ്പുകളും പാഴായി. നിലവിൽ മാലിന്യ സംസ്കരണ യൂണിറ്റിന് സമീപത്തെ കുഴിയിലാണ് മാംസാവശിഷ്ടങ്ങൾ ഉൾപ്പടെ വലിച്ചെറിയുന്നത്. ഇത് പക്ഷികളും തെരുവുനായ്ക്കളും സമീപത്തെ വീടുകളിലും കിണറുകളിൽ കൊണ്ടുചെന്നിടുന്നതും മറ്റൊരു ഭീഷണിയാണ്. വിഷയത്തിൽ അധികൃതർ ഇടപെടണമെന്നും മാലിന്യ സംസ്കരണത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

ഭീഷണിയുടെ നടുവിൽ ഇവർ

മാലിന്യം നിക്ഷേപിക്കുന്ന കുഴിക്ക് സമീപമാണ് എക്സൈസ് ഓഫീസ്, ഗവ. ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, അങ്കണവാടി എന്നിവ സ്ഥിതി ചെയ്യുന്നത്. ദുർഗന്ധവും മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും കാരണം അങ്കണവാടിയിലെത്തിയിരുന്നു കുരുന്നുകൾ ഏറെ ദുരിതത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇവിടേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കളും മടിക്കുകയാണ്.

പ്രശ്നങ്ങൾ ഇവയൊക്കെ....

01. മാലിന്യം വലിച്ചെറിയുന്നു

02. കംഫർട്ട് സ്റ്റേഷൻ പ്രവർത്തനമില്ല

03. മാലിന്യ സംസ്കാരണ യൂണിറ്ര് പാഴായി

04. രോഗവ്യാപന ഭീഷണി

05. അങ്കണവാടി വിദ്യാ‌ർത്ഥികൾക്കും ഭീഷണി

........................................

മാലിന്യ സംസ്കരണ യൂണിറ്റിന്റെ കേടുപാടുകൾ തീർക്കാൻ അധികൃതർക്ക് കത്ത് നൽകി. മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കും.

കെ.രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്