സ്‌കൂൾ ബസ് ഡ്രൈവർമാർ ദുരിതത്തിൽ
മുടപുരം: മാസങ്ങളായി വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ സ്കൂൾ ബസ് ജീവനക്കാർക്ക് വറുതിയുടെ നാളുകൾ. തുച്ഛവേതനത്തിന് ജോലി നോക്കിയിരുന്ന ഇവർ ബസുകൾക്ക് ഓട്ടമില്ലാതായതോടെ മുഴുപ്പട്ടിണിയിലാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിൽ മാത്രം തൊണ്ണൂറോളം സ്കൂളുകളിലായി അഞ്ഞൂറിലധികം ജീവനക്കാർ ജോലിനോക്കിയിരുന്നു. ഡ്രൈവർമാരെക്കൂടാതെ ആയമാരും ഡോർകീപ്പർമാരുമൊക്കെ ഇതിൽ ഉൾപ്പെടും. മാർച്ച് രണ്ടാം വാരം സ്കൂൾ ബസുകൾ ഓട്ടം നിറുത്തിയതിനാൽ ആ മാസം പകുതി ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചത്. പിന്നീട് ഓട്ടം നിലച്ചതിനാൽ നാളിതുവരെ ഒരു രൂപയും ഇവർക്ക് ശമ്പളമായി ലഭിച്ചിട്ടില്ല.
6000 രൂപമുതൽ വ്യത്യസ്ഥ നിരക്കിലാണ് സ്കൂൾ ബസ് ജീവനക്കാരുടെ വേതനം. കുട്ടികളുടെ എണ്ണവും ബസ് ഓടുന്ന ദൂരവും അനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. രാവിലെ 7ന് കുട്ടികളെ സ്കൂളിലെത്തിക്കാനിറങ്ങുന്ന ജീവനക്കാർ 9.30നാണ് ഓട്ടം അവസാനിപ്പിക്കുന്നത്. വൈകിട്ടും 2 മണിക്കൂറോളം മാത്രമാണ് ഓട്ടം ലഭിക്കുന്നത്. ഇതുകൊണ്ടുതന്നെ ജീവിക്കാനാവശ്യമായ തുക ശമ്പളയിനത്തിൽ കിട്ടാറില്ല. ഇതിനിടെയാണ് കിട്ടിയിരുന്ന ശമ്പളം പോലും ഇല്ലാതെ ഇവർ പട്ടിണിയിലായത്. ആശ്വാസ ധനസഹായമെങ്കിലും അനുവദിച്ച് തങ്ങളെ പട്ടിണിയിൽ നിന്ന് കരകയറ്റാൻ അധികൃതർ തയ്യാറാകണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
പി.ടി.എ എന്തു ചെയ്യാൻ?
ജില്ലാ പഞ്ചായത്ത്, എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് മിക്ക സ്കൂളുകളിലും ബസുകൾ വാങ്ങിയിരിക്കുന്നത്. ഫണ്ട് ലഭിക്കാത്ത സ്കൂളുകളിൽ നാട്ടുകാരുടെയും രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും സംഭാവനകൾ ഉപയോഗിച്ചിട്ടും ബസ് വാങ്ങിയിട്ടുണ്ട്. ഇവയുടെ ഇന്ധനചെലവും ജീവനക്കാരുടെ ശമ്പളവുമെല്ലാം പി.ടി.എയുടെ ഉത്തരവാദിത്വമാണ്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ബസ് ഫീസിനത്തിൽ നാമമാത്രമായ തുകയാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും ബസ് ഓടിക്കുന്നതിനും പി.ടി.എ നന്നേ ബുദ്ധിമുട്ടുകയായിരുന്നു. അതിനോടൊപ്പമാണ് നിലവിൽ ബസുകൾ ഓട്ടമില്ലാതെ കിടക്കുന്നത്. ഈ അവസ്ഥയിൽ ജീവനക്കാർക്ക് തങ്ങൾ എങ്ങനെ ശമ്പളം നൽകുമെന്നാണ് പി.ടി.എ ചോദിക്കുന്നത്.
സർക്കാർ സഹായവും ഇല്ല
സ്കൂളുകളിലെ മറ്ര് ജീവനക്കാർക്കെല്ലാം സർക്കാർ നൽകുന്ന ശമ്പളവും ഓണറേറിയവുമെല്ലാമുണ്ട്. ഇക്കാര്യത്തിലും സ്കൂൾബസ് ജീവനക്കാരെ തഴഞ്ഞു. സ്കൂളിലെ പാചകത്തൊഴിലാളികൾക്കുവരെ ശമ്പളവും ആശ്വാസ ധനസഹായവും നൽകുമ്പോൾ ബസ് തൊഴിലാളികളുടെ സങ്കടം ആരും കേൾക്കുന്നില്ല. തങ്ങളെയും ജോലി സ്ഥിരപ്പെടുത്തി ഓണറേറിയം അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
....................................
ലോക്ക് ഡൗൺ മൂലം ഒരു തരത്തിലുമുള്ള വേതനം ലഭിക്കാത്തതിനാൽ സ്കൂൾ ബസ് ജീവനക്കാർ കഷ്ടപ്പെടുകയാണ്. അതിനാൽ ഞങ്ങൾക്ക് സ്കൂൾ തുറക്കുന്നതുവരെ ആശ്വാസ ധന സഹായം അനുവദിക്കാൻ സർക്കാർ തയ്യാറാകണം
എസ്. ശശികുമാർ (ബാബു), ഡ്രൈവർ,
മുടപുരം ഗവ. യു.പി സ്‌കൂൾ