തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പേരിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എസ്.എസ് മനോജ് എന്നിവർ ആവശ്യപ്പെട്ടു.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ 22 ദിവസമായി അടഞ്ഞു കിടക്കുകയാണ്. ഇതു തുടരാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കാതെ കൊവിഡ് വ്യാപനം തടയാൻ കഴിയില്ല. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുന്നതു വരെ കടകൾ അടഞ്ഞു കിടക്കണമെന്നത് പ്രായോഗികമല്ല. വ്യപാര ലൈസൻസ് പുതുക്കുന്നതിനു പോലും ഭീമമായ തുകയാണ് ഫൈനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. ബാങ്ക് വായ്പകൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ശുദ്ധ തട്ടിപ്പാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേതായി യാതൊരു സഹായവും ലഭിച്ചിട്ടില്ല. വരുമാനമില്ലാത്തതിന് പുറമേ വാടക, ജീവനക്കാരുടെ ശമ്പളം, ബാങ്ക് പലിശ, വൈദ്യുതി ചാർജ് തുടങ്ങി പല ചെലവുകളും വഹിക്കുവാൻ വ്യാപാരികൾക്ക് കഴിയുന്നില്ല. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രവർത്തിക്കാൻ അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.