നെയ്യാറ്റിൻകര : സർക്കാർ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തിയുടെ അനധികൃത ഓവർബ്രിഡ്ജ് നിർമ്മാണത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി. ചെങ്കൽ പഞ്ചായത്തിലെ കീഴമ്മാകം വാർഡിൽ ഇലവങ്ങാമൂല പാലത്തിനു തൊട്ടു താഴെയാണ് സ്വകാര്യവ്യക്തി തന്റെ പുരയിടത്തിൽ പ്രവേശിക്കാനായി പുറമ്പോക്ക് ഭൂമികൈയേറി വണ്ടിച്ചിറ തോടിനു കുറുകെ പാലം നിർമ്മിക്കുന്നത്. കാർഷികമേഖലയായ ഈ പ്രദേശത്തെ പ്രധാന ജലസ്രോതസായ തോടിന്റെ നീരൊഴുക്കിനെ സാരമായി ബാധിക്കും വിധമാണ് നിർമ്മാണം നടക്കുന്നത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോടിന്റെ ഒഴുക്കിനെ തടഞ്ഞാൽ കരയിടിച്ചിൽ സാദ്ധ്യതയുണ്ട്. അനധികൃത നിർമ്മാണത്തിന് അധികൃതരുടെയും ഇറിഗേഷൻ വകുപ്പിലെ ചിലരുടേയും ഒത്താശയുണ്ടെന്ന് നാട്ടുകാരുടെ ആക്ഷേപം. വണ്ടിച്ചിറ തോടിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുംവിധം റോഡിന് സമീപം കരമണ്ണ് ഇടിഞ്ഞിറങ്ങിയിരിക്കുന്നഭാഗത്ത് നടക്കുന്ന അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി നാട്ടുകാരും പാടശേഖര സമിതിയും ഗ്രാമ പഞ്ചായത്തിനും ഇറിഗേഷൻ വകുപ്പിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തോട് സംരക്ഷിച്ച് സ്വാഭാവികത നിലനിറുത്താൻ നടപടിവേണമെന്നും ജില്ലാ കളക്ടർ ഉടനടി ഇടപെടണമെന്നും കൊവിഡിനെ മറയാക്കിയുള്ള ഇത്തരം ചൂഷണം തടയണമെന്നും നാട്ടുകാരും പാടശേഖര സമിതിയും ആവശ്യപ്പെട്ടു.