തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് പുതിയ കാഴ്ചപ്പാട് ആവശ്യമാണെന്നും അനാവശ്യമായ ഹർത്താലുകളും സമരങ്ങളും വ്യവസായ രംഗത്തുനിന്ന് ഒഴിവാക്കാൻ രാഷ്ട്രീയപ്പാർട്ടികൾക്കിടയിൽ സമന്വയം ഉണ്ടാവണമെന്നും ഡോ. ശശി തരൂ‌ർ എം.പി അഭിപ്രായപ്പെട്ടു. പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കെ.എം. മാണി അനുസ്മരണ പ്രഭാഷണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലധന നിക്ഷേപത്തിനെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ നടപ്പാക്കിയാലേ വ്യവസായ അനുയോജ്യ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡോ. എസ്. മോഹനകുമാ‌ർ, ഡോ. ടി. അരുൺ, ഡോ. ബർണി സെബാസ്റ്റ്യൻ, എം.പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർ ഡോ. ജോസ് ജേക്കബ് സ്വാഗതവും രജിസ്ട്രാർ പി.എസ്. ശ്രീകുമാർ നന്ദിയും പറഞ്ഞു.