സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സിവിൽ സപ്ളൈസ് കോർപ്പറേഷനു കൈമാറേണ്ട നാടൻ മട്ട അരിയിൽ സംസ്ഥാനത്തെ ചില സ്വകാര്യമില്ലുടമകൾ 1.5 ലക്ഷം ടണ്ണിന്റെ വെട്ടിപ്പ് നടത്തിയതായി ഭക്ഷ്യവകുപ്പിന് വിവരം ലഭിച്ചു. 5 ലക്ഷം ടൺ നെല്ലാണ് മില്ലുടമകൾ സപ്ളൈകോ വഴി കർഷകരിൽ നിന്ന് സംഭരിച്ചത്. വ്യവസ്ഥ പ്രകാരം 3.22 ലക്ഷം ടൺ അരി മില്ലുടമകൾ സപ്ളൈകോയ്ക്ക് തിരിച്ചു നൽകണം.എന്നാൽ ഇതിൽ പകുതി പോലും എത്തിയില്ലെന്ന് കണ്ടെത്തി.വെട്ടിപ്പിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്താൻ മന്ത്രി പി.തിലോത്തമൻ സിവിൽ സപ്ളൈസ് സെക്രട്ടറിക്ക് നിർദേശം നൽകി.
നൽകിയ അരിയിലും തട്ടിപ്പ്
റേഷനരി സൂക്ഷിക്കുന്ന ഗോഡൗണുകളിലും, മറ്റ് സംസ്ഥാനങ്ങളിലും നിന്നുള്ള ഗുണമേന്മയില്ലാത്ത അരി നിറം മാറ്റി നല്ല അരിക്കൊപ്പം കലർത്തിയാണ് പല മില്ലുടമകളും സപ്ളൈകോയ്ക്ക് നൽകുന്നത്. നല്ല അരി മറിച്ചുവിറ്റ് മില്ലുകൾ കൊയ്യുന്നത് കോടികൾ. ഒരു കിലോ നെല്ലിന് 26.95 രൂപ നൽകിയാണ് കർഷകരിൽ നിന്ന് സർക്കാർ സംഭരിക്കുന്നത്. ഒരു ക്വിന്റൽ നെല്ലിനു പകരം മില്ലുകൾ 64.5 കിലോ അരി തിരികെ നൽകണം. സംസ്കരണ ചാർജായി ക്വിന്റലിന് 214 രൂപ വീതം സർക്കാർ നൽകും.
പരിശോധന
കടലാസിൽ
സ്വകാര്യ മില്ലുകളിൽ നിന്ന് അരി സ്വീകരിക്കുന്നതിനു മുമ്പ് ഗുണനിലവാരം പരിശോധിക്കുന്നതിന് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ, സപ്ലൈകോ ജൂനിയർ മാനേജർ, റേഷനിംഗ് ഇൻസ്‌പെക്ടർ തുടങ്ങി പത്തംഗ ഇൻസ്‌പെക്ഷൻ ടീമുകളുണ്ടെങ്കിലും പരിശോധന നടക്കാറില്ല. മില്ലിൽ നിന്നും അരി ഗോഡൗണിലെത്തുമ്പോൾ ക്വാളിറ്റി കൺട്രോളറുടെ പരിശോധനയും നാമമാത്രം.
കർഷന് നെല്ലിന്
കിട്ടുന്ന വില
കിലോഗ്രാമിന്- 26.95 രൂപ
കേന്ദ്രവിഹിതം -18.15 രൂപ
സംസ്ഥാന വിഹിതം- 8.80 രൂപ
സ്വകാര്യ മില്ലുകളെ വെട്ടിപ്പിന് അനുവദിക്കില്ല, ക്രമക്കേടു കണ്ടെത്തുന്ന മില്ലുകളെ കരിമ്പട്ടികയിൽപ്പെടുത്തും.
- പി.തിലോത്തമൻ,
ഭക്ഷ്യമന്ത്രി.
കേടായ അരി, ഗോതമ്പ്:
റിപ്പോർട്ട് ഇന്ന് :
റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ സംസ്ഥാനത്തെ വിവിധ ഗോഡൗണുകളിൽ സംഭരിച്ചിരുന്ന 1892 ടൺ അരിയും 627.91 ടൺ ഗോതമ്പും കേടായെന്ന സപ്ളൈകോയുടെ റിപ്പോർട്ടിന്റെ നിജസ്ഥിതി അറിയുന്നതിന് ഭക്ഷ്യവകുപ്പ് രൂപീകരിച്ച സാങ്കേതിക സമിതിയുടെ. റിപ്പോർട്ട് ഇന്ന് സിവിൽ സപ്ളൈസ് സെക്രട്ടറിക്ക് കൈമാറിയേക്കും. 1892 ടൺ റേഷനരി നശിപ്പിക്കാൻ ശ്രമം നടക്കുന്ന വിവരം ജൂൺ 23ന് കേരളകൗമുദി പുറത്തു കൊണ്ടുവന്നിരുന്നു.