തിരുവനന്തപുരം: കാലവർഷത്തിന്റെ ആദ്യ പകുതിയിൽ കുറച്ച് മഴ ലഭിച്ചിരുന്ന തലസ്ഥാനത്ത് ഇന്നലെ ശക്തമായ മഴ പെയ്‌തു. ഇന്നലെ രാവിലെ 5.30 മുതൽ ആരംഭിച്ച മഴ ഉച്ചയോടെയാണ് ശമിച്ചത്. നഗരത്തിൽ 11.5മി.മീ മഴയും വിമാനത്താവളത്തിൽ 2.8 മി.മീ മഴയും രേഖപ്പെടുത്തി. ശക്തമായ മഴയുണ്ടായെങ്കിലും നഗരത്തിൽ പതിവ് രൂപപ്പെടാറുള്ള വെള്ളക്കെട്ട് എങ്ങുമുണ്ടായില്ല. കാറ്റിൽ നഗരത്തിലെ പല സ്ഥലങ്ങളിലും മരച്ചില്ലകൾ റോഡിൽ വീണു. തലസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശംഖുംമുഖം, വിഴിഞ്ഞം, കോവളം, വേളി എന്നിവിടങ്ങളിൽ ശക്തമായ കടൽക്ഷോഭവുമുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കടലാക്രമണ ഭീഷണിയുള്ള തീരമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറി താമസിക്കണം.