തിരുവനന്തപുരം: ടെക്നോ പാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ മറവിൽ, വേളി- ആക്കുളം പ്രദേശത്ത്
പത്തേക്കർ ജലാശയം ഉൾപ്പെടെ 19.5 ഏക്കർ തണ്ണീർത്തടം നികത്താനുള്ള സർക്കാർ നീക്കം സുപ്രീംകോടതി തടഞ്ഞു. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനും കേന്ദ്ര തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്.
പരിസ്ഥിതി പ്രവർത്തകൻ തോമസ് ലോറൻസിന്റെ പരാതിയിൽ നേരത്തെ സുപ്രീംകോടതി നിർമ്മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് നൽകിയ ഹർജിയാണ് ആർ.എഫ് നരിമാൻ, നവീൻ സിഹ്ന, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
തീരദേശ നീർത്തടമായി ഐ.എസ്.ആർ. ഒ രേഖപ്പെടുത്തിയതിൽ 19.5 സെന്റ് സ്ഥലം നികത്താൻ 2017 ഡിസംബർ 26നാണ് ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ അനുവാദം തേടിയത്. ജനുവരിയിൽ കൃഷി ഓഫീസർ സ്ഥലം സന്ദർശിക്കുമ്പോൾ സ്ഥലം നികത്തിക്കൊണ്ടിരിക്കുകയായിരുന്നു. കൃഷി ഓഫീസറുടെയും വില്ലേജാഫോസറുടെയും പ്രതികൂല റിപ്പോർട്ടിനെത്തുടർന്ന് ആർ.ഡി.ഒ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും ഫലമുണ്ടായില്ല. 2018ന് ജനുവരി 16 ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണി ഈ സ്ഥലം പരിവർത്തനം ചെയ്യാൻ കഴിയുമോയെന്ന് ജില്ലാ കളക്ടർ വാസുകിയോട് ചോദിച്ചു. തണ്ണീർത്തടമെന്ന് പറയാതെ നികത്താമെന്നായിരുന്നു മറുപടി. തുടർന്നാണ്, നിലം നികത്താൻ അനുമതി നൽകി സർക്കാർ ഫെബ്രുവരി 3 ന് ഉത്തരവിറക്കിയത്.
നിർമ്മിക്കാനിരുന്നത്
ഫ്ലാറ്റുകളും മാളും
രണ്ട് ലക്ഷം ചതുരശ്ര അടി ഓഫീസ് കോം പ്ലക്സ് , എട്ടര ലക്ഷം ചതുരശ്ര അടി മാൾ , അസെറ്റ് ഹോംസിന്റെ 320 ഫ്ലാറ്റുകൾ , നോൺ എസ്. ഇ സെഡ് പ്രദേശം എന്നിവയൊക്കെയാണ് 1500 കോടിയുടെ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്.
നേരത്തെ സ്ഥലവാസികളിൽ നിന്ന് സർക്കാർ ഏറ്റെടുത്ത ഭൂമി 90 വർഷത്തേക്ക് ടോറസിന് പാട്ടത്തിന് നൽകിയിരുന്നു. എന്നാൽ, കരാർ ലംഘിച്ച് 49 ശതമാനം ഓഹരികളും ബംഗളൂരു കേന്ദ്രമായ എംബസി ഹോൾഡിംഗ് കമ്പനിക്ക് ടോറസ് കൈമാറി.